കുമ്പള റെയിൽവേ സ്റ്റേഷനിൽ വിശ്രമകേന്ദ്രം ഒരുങ്ങി
text_fieldsകുമ്പള: കുമ്പള റെയിൽവേ സ്റ്റേഷനിൽ വിശ്രമ കേന്ദ്രം ഒരുങ്ങി. കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യുമെന്ന് സൂചന. സ്റ്റേഷൻ പരിസരത്ത് വിശാലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് വിശ്രമകേന്ദ്രത്തിന്റെ ജോലികൂടി പൂർത്തീകരിച്ചിരിക്കുന്നത്.
റെയിൽവേ സ്റ്റേഷൻ അവഗണനക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നുവന്ന സാഹചര്യത്തിലാണിത്. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുക, യാത്രക്കാരുടെ വർധനവും വരുമാനവും അനുസരിച്ച് സ്റ്റേഷനിൽ അടിസ്ഥാന വികസനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി എന്നിവ ഇതുമായി ബന്ധപ്പെട്ട് റെയിൽവേ അധികാരികൾക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകിയിരുന്നു. മൊഗ്രാൽ ദേശീയവേദി ഇതുമായി ബന്ധപ്പെട്ട് കേരളപ്പിറവി ദിനത്തിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു.
കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ദേവാലയത്തിന്റെ ബ്രഹ്മകലശോത്സവത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഫെബ്രുവരി 21ന് കുമ്പളയിൽ എത്തുന്നുണ്ട്. രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും, എ.കെ.എം. അഷ്റഫ് എം.എൽ.എയും പരിപാടിയിൽ സംബന്ധിക്കുന്നുമുണ്ട്. അന്നേദിവസം, വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്യിപ്പിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ അധികൃതരെന്നാണ് സൂചന. എന്നാൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വിവരം.
ഏക്കറുകളോളം സ്ഥലസൗകര്യമുള്ള കുമ്പള റെയിൽവേ സ്റ്റേഷന്റെ പരിമിതികളെയും സാധ്യതകളെയും മന്ത്രിയെനേരിട്ട് ബോധ്യപ്പെടുത്തി വികസനം ഉറപ്പുവരുത്താൻ കുമ്പള പാസഞ്ചേഴ്സ് അസോസിയേഷനും വ്യാപാരി നേതാക്കളും മൊഗ്രാൽ ദേശീയവേദി പ്രവർത്തകരും ഒരുക്കങ്ങൾ ആരംഭിച്ചു. കുമ്പള റെയിൽവേ സ്റ്റേഷനെ ‘സാറ്റലൈറ്റ്’ സ്റ്റേഷനാക്കി മാറ്റണമെന്ന ആവശ്യമാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.