വീടുകളിൽ കവർച്ച
text_fieldsകുമ്പള: കുമ്പളയിൽ കവർച്ച ആവർത്തിക്കുന്നു. നായിക്കാപ്പിൽ പട്ടാപ്പകൽ രണ്ടു വീടുകളിൽ വൻ കവർച്ച. കർണാടക ബാങ്ക് നീർച്ചാൽ ശാഖ സ്പെഷൽ അസിസ്റ്റൻറ് ഓഫിസർ നായിക്കാപ്പിലെ വാസുദേവൻ, കുമ്പള ബസ് സ്റ്റാൻഡിൽ മോഹൻ ടൈലേഴ്സ് കട ഉടമ മോഹൻദാസ് എന്നിവരുടെ വീടുകളിലാണ് കവർച്ച.
വാസുദേവന്റെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും 11,000 രൂപയും മോഹൻദാസിന്റെ വീട്ടിൽ നിന്ന് മൂന്നേകാൽ പവൻ സ്വർണവും 22,000 രൂപയുമാണ് കവർന്നത്.
വെള്ളിയാഴ്ച രാവിലെ ബാങ്കിൽ പോയ വാസുദേവ വൈകീട്ട് ആറുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കുമ്പള പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ഇൻസ്പെക്ടർ അനൂപ്, എസ്.ഐ വി.കെ. അനീഷ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിനിടെയാണ് മോഹൻദാസിന്റെ വീട്ടിലെ കവർച്ച വിവരം പുറത്തു വരുന്നത്.
വാസുദേവയുടെ വീടിന്റെ ജനൽ കമ്പികൾ ഇളക്കി മാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. കിടപ്പു മുറിയിലെ അലമാര കുത്തിത്തുറന്ന് സ്വർണവും പണവും കൈക്കലാക്കുകയായിരുന്നു.രാവിലെ വീടും ഗേറ്റും പൂട്ടിയാണ് മോഹൻദാസും കുടുംബവും കടയിലേക്ക് പോയത്. ഗേറ്റ് ചാടിക്കടന്ന് വീടിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്നാണ് ഇവിടെ കവർച്ച നടത്തിയത്.
അലമാരകൾ കുത്തിത്തുറന്ന നിലയിലും വസ്ത്രങ്ങൾ വാരി വലിച്ചിട്ട നിലയിലും കാണപ്പെട്ടു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി ഒരു മാസത്തിനിടെ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന നാലാമത്തെ മോഷണ സംഭവമാണിത്.
സമാനരീതിയിൽ ഹേരൂരിലെ വീട്ടിൽ നിന്ന് പതിനൊന്ന് പവൻ സ്വർണം കവർന്ന കേസിലെ പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. എന്നാൽ കുമ്പളയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടത്തിയ പ്രതികളെ പൊലീസിന് ഇനിയും പിടികൂടാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.