സ്റ്റാൻഡ് പ്രശ്നം; കുമ്പളയിൽ ഇന്ന് ഓട്ടോ പണിമുടക്ക്
text_fieldsകുമ്പള: സ്റ്റാൻഡ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുമ്പളയിൽ വെള്ളിയാഴ്ച ഓട്ടോകൾ പണിമുടക്കുന്നു. കാലങ്ങളായി തുടരുന്ന ഓട്ടോ സ്റ്റാൻഡ് പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയാത്തതാണ് തൊഴിലാളികൾ സമരത്തിലേക്ക് നീങ്ങാൻ കാരണം.
കുമ്പള ബസ് സ്റ്റാൻഡിന് മറുവശത്താണ് നിലവിൽ ഓട്ടോ സ്റ്റാൻഡ്. ഈയിടെ ബദിയടുക്ക റോഡിൽ ഒരു സ്റ്റാൻഡ് കൂടി അനുവദിച്ചിരുന്നു. കുമ്പള ബാങ്ക് ഓഫ് ബറോഡക്ക് സമീപത്തും ഓട്ടോ സ്റ്റാൻഡ് ഉണ്ടായിരുന്നു. എന്നാൽ, ഈ സ്ഥലങ്ങളിൽ ഓട്ടോ പാർക്ക് ചെയ്യുന്നത് തടഞ്ഞതോടെയാണ് തൊഴിലാളികൾ സമരത്തിന് മുതിർന്നത്.
കുമ്പള ബസ് സ്റ്റാൻഡിന് മുൻവശത്തേക്ക് പാർക്കിങ് സ്ഥലം മാറ്റിയെങ്കിലും അധികൃതർ ഇത് അനുവദിച്ചില്ല. ഇതേത്തുടർന്ന് വ്യാഴാഴ്ച വൈകീട്ട് ആറോടെ ഓട്ടോ തൊഴിലാളികൾ കുമ്പളയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
തുടർന്ന് വെള്ളിയാഴ്ച പണിമുടക്ക് തീരുമാനിക്കുകയായിരുന്നു. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും പണിമുടക്ക് പിൻവലിക്കാൻ തൊഴിലാളികൾ തയാറായില്ല. സ്റ്റാൻഡ് പ്രശ്നത്തിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
അതിനിടെ, രാവിലെ സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോകൾ സർവിസ് നടത്തുന്നത് അനുവദിക്കുമെന്നും തൊഴിലാളികൾ പറഞ്ഞു.
സമരം സൂചന മാത്രമാണെന്നും തുടർന്ന് നടപടികൾ ഉണ്ടായില്ലെങ്കിൽ വ്യാപകമായ സമരവുമായി മുന്നോട്ടുവരുമെന്നും തൊഴിലാളികൾ അറിയിച്ചു. 250ഓളം ഓട്ടോകളാണ് കുമ്പളയിൽ സർവിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.