തെരുവുനായ്ക്കളുടെ അഴിഞ്ഞാട്ടം തുടരുന്നു; ചളിയങ്കോട്ട് അഞ്ച് ആടുകളെ കൊന്നു
text_fieldsകുമ്പള: മൊഗ്രാലിൽ തെരുവുനായ്ക്കളുടെ അഴിഞ്ഞാട്ടം തുടരുന്നു. ചളിയങ്കോട്ട് നായ്ക്കൂട്ടം കൂട്ടിൽ കയറി അഞ്ച് ആടുകളെ കടിച്ചുകൊന്നു. ചളിയങ്കോട് റോഡിലെ മുഹമ്മദിന്റെ വീട്ടിലെ ആടുകളെയാണ് തിങ്കളാഴ്ച വെളുപ്പിന് കൊന്നത്. ആട്ടിൻകൂടിന്റെ മതിൽ ചാടിക്കടന്ന് അകത്തു കയറിയാണ് അതിക്രമം. ആടുവളർത്തലിൽ നിന്ന് ജീവിതമാർഗം കണ്ടെത്തുന്ന മുഹമ്മദിന്റെ കുടുംബത്തിന് വൻനഷ്ടമാണ് ഉണ്ടായത്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പും പ്രദേശത്ത് സമാന സംഭവം ഉണ്ടായിട്ടുണ്ട്. തെരുവുനായ്ക്കളെ കൊല്ലാൻ അനുമതിതേടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകിയ ഹരജികളിൽ ഇനിയും സുപ്രീംകോടതി തീരുമാനമായിട്ടില്ല. അതിനിടെ അക്രമകാരികളായ തെരുവുനായ്ക്കളെക്കുറിച്ച് പൊതുജനങ്ങളിൽനിന്ന് കലക്ടർമാർക്ക് പരാതി ലഭിച്ചാൽ ഉചിത നടപടി സ്വീകരിക്കാമെന്നാണ് സർക്കാർ നിലപാട്.
മൊഗ്രാലിൽ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ പരാക്രമം രൂക്ഷമായ സാഹചര്യത്തിൽ നായ്ക്കളെ പിടികൂടാൻ കുമ്പള ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നും വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.