കലുങ്കുകളും, ഓവുചാലുകളും തുറന്നില്ല: വെള്ളത്തിൽ മുങ്ങി ദേശീയപാതയോരം
text_fieldsകുമ്പള: മഴ കനത്തതോടെ വെള്ളത്തിൽ മുങ്ങി ദേശീയപാതയോരം. പാത നിർമ്മാണത്തിൽ കലുങ്കുകളും, ഓവുചാലുകളും അടഞ്ഞതോടെയാണ് വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. കാലവർഷത്തിന്റെ തുടക്കത്തിൽതന്നെ ദേശീയപാത നിർമ്മാണത്തിൽ കലുങ്കുകളുടെയും, ഓവു ചാലുകളുടെയും ജോലികൾക്ക് മുൻഗണന നൽകണമെന്ന് നാട്ടുകാരും, ജനപ്രതിനിധികളും, സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിർമാണ കമ്പനി ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ലെന്ന് ആക്ഷേപമുണ്ട്.
ഇതാണ് ഇപ്പോൾ വെള്ളക്കെട്ട് ഭീഷണിക്ക് കാരണമായിരിക്കുന്നത്. അതിനിടെ വെള്ളക്കെട്ട് നേരിടാൻ കമ്പനി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് എഡിഎം നേരത്തെ അറിയിച്ചിരുന്നു. ഇതിനായി തഹസിൽദാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ നിർമ്മാണ കമ്പനിയുടെ ചുമതലയുള്ള പ്രതിനിധികൾ എന്നിവർ സംയുക്തമായി ഇത്തരം പ്രദേശങ്ങൾ സന്ദർശിച്ചു പരിഹാരം കാണുമെന്നും നാട്ടുകാരെ അറിയിച്ചിരുന്നു.
ഇപ്പറഞ്ഞ ടീം എവിടെ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. കുമ്പള ആരിക്കാടി ഭാഗത്തുള്ള ഗുരുതരമായ വെള്ളക്കെട്ട് സംബന്ധിച്ച് വാർഡ് മെമ്പർ അൻവർ ആരിക്കാടി ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.