കുട്ടികളെക്കൊണ്ട് അധ്യാപകനെതിരെ നിർബന്ധിച്ച് പരാതി എഴുതിപ്പിച്ചു
text_fieldsകുമ്പള: കുട്ടികളെ ഉപയോഗിച്ച് അധ്യാപകനെതിരെ കള്ളപ്പരാതി നൽകിയെന്ന ഗുരുതര ആരോപണവുമായി രണ്ട് വിദ്യാർഥിനികളുടെ രക്ഷിതാക്കളും പി.ടി.എയും രംഗത്ത്. കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപകന്റെ ചാർജുള്ള അധ്യാപികയും കുട്ടികൾക്ക് കൗൺസലിങ് നൽകുന്ന അധ്യാപികയും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ആരോപണം. പി.ടി.എയുടെ നിർദേശപ്രകാരം സ്കൂളിൽ കുട്ടികൾക്കു വേണ്ടി ഒരു പരാതിപ്പെട്ടി സ്ഥാപിച്ചിരുന്നുവത്രെ.
അധ്യാപകർക്കു പുറമെ ഏതെങ്കിലും ഒരു ഉത്തരവാദപ്പെട്ട പി.ടി.എ കമ്മിറ്റി അംഗത്തിന്റെ സാന്നിധ്യത്തിൽ മാത്രമേ പരാതിപ്പെട്ടി തുറക്കാവൂ എന്ന നിർദേശവുമുണ്ടായിരുന്നു. എന്നാൽ പി.ടി.എ അറിയാതെ അധ്യാപകർ പരാതിപ്പെട്ടി തുറക്കുകയും അതിൽ ഒരു പരാതി കണ്ടെത്തുകയുമായിരുന്നുവെന്ന്പി.ടി.എ പറയുന്നു.
പരാതിയെപ്പറ്റി സ്റ്റാഫ് സെക്രട്ടറിയോട് ചോദിച്ചപ്പോൾ കന്നട വിഭാഗം അധ്യാപകനായ അദ്ദേഹം പരാതി മലയാളത്തിലായതിനാൽ എനിക്ക് വായിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞുവത്രെ. എന്നാൽ പരാതി ഇംഗ്ലീഷിലായിരുന്നുവെന്ന് പരാതിക്കാർ പറഞ്ഞു.
പിന്നീട് അധ്യാപകനെതിരെ ഏഴ് വിദ്യാർഥിനികൾ പരാതിപ്പെട്ടതായി അറിഞ്ഞിരുന്നുവെന്നും എന്നാൽ, ആ പരാതികളെ പൂഴ്ത്തിക്കൊണ്ട് പരാതി നൽകാത്ത രണ്ട് വിദ്യാർഥിനികളെ കൗൺസലിങ് മുറിയിൽ കൊണ്ടു പോയി വെള്ളക്കടലാസിൽ ഒപ്പിടാൻ നിർബന്ധിക്കുകയായിരുന്നുവത്രെ.
എന്തിനാണെന്ന് കുട്ടികൾ ആവർത്തിച്ച് ചോദിച്ചപ്പോൾ ഒപ്പിട്ടില്ലെങ്കിൽ പരീക്ഷയെഴുതാൻ കഴിയില്ലെന്ന് ഭീഷണിപ്പെടുത്തിയതായി രക്ഷിതാക്കൾ പറഞ്ഞു. തുടർന്ന് മക്കളുടെ രണ്ട് മോഡൽ പരീക്ഷ നഷ്ടപ്പെട്ടുവെന്നും ഇതിനുത്തരവാദികൾ മൂന്ന് അധ്യാപികമാരാണെന്നും ഇക്കാര്യത്തിൽ വലിയ ഗൂഢാലോചന നടന്നതായും ഇവർ അരോപിച്ചു.
എസ്.എസ്.എൽ.സി മോഡൽ പരീക്ഷ നടക്കുന്ന സമയത്താണ് നിർബന്ധിച്ച് കുട്ടികളിൽ നിന്ന് വെള്ള പേപ്പറിൽ ഒപ്പു വാങ്ങിയത്. പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്നും ഫോൺ വിളി വന്നപ്പോഴാണ് കേസിന്റെ കാര്യം തന്നെ കുട്ടികളും രക്ഷിതാക്കളും അറിയുന്നത്. തുടർന്ന് കുട്ടികളെ ആശുപത്രിയിൽ കൊണ്ടു പോയി വൈദ്യപരിശോധന നടത്തുകയും മജിസ്ട്രേറ്റിന്റെ മുന്നിൽ മൊഴിയെടുക്കാൻ കൊണ്ടുപോവുകയും ചെയ്തതായി രക്ഷിതാക്കൾ പറഞ്ഞു.
കുട്ടികൾ മാനസിക സംഘർഷത്തിൽ
കുമ്പള: അധ്യാപകനെതിരെ യാതൊരു പരാതിയും ഇല്ലാതിരുന്നിട്ടും നിർബന്ധിച്ച് ഇങ്ങനെയെല്ലാം ചെയ്തതിനെത്തുടർന്ന് കുട്ടികൾ മാനസികമായി തകർന്നതായി രക്ഷകർത്താക്കൾ പറഞ്ഞു. മാനസിക പ്രയാസം മൂലം സ്കൂളിൽ പോകുന്നില്ലെന്ന് നിലവിളിച്ച ഒരു കുട്ടിയെ പി.ടി.എ ഭാരവാഹികൾ എത്തി ആശ്വസിപ്പിച്ചാണ് പരീക്ഷക്കയച്ചത്.
സ്കൂളിൽ സെന്റ് ഓഫ് പരിപാടികൾ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് വീട്ടിലിരിക്കേണ്ടി വന്നു. മാനസിക സംഘർഷത്തെ തുടർന്ന് കുട്ടികൾക്ക് എസ്.എസ്.എൽ.സി പരീക്ഷ നല്ല നിലയിൽ എഴുതാൻ കഴിഞ്ഞില്ലെന്നും ഇത് കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമോ എന്ന ഭയത്തിലാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.