കുമ്പളയിൽ എട്ടു കടകളിൽ മോഷണം
text_fieldsകുമ്പള: കുമ്പള ടൗണിൽ എട്ടുകടകൾ കുത്തിത്തുറന്ന് വ്യാപക മോഷണം. തിങ്കളാഴ്ച കട തുറക്കാൻ വന്ന വ്യാപാരികളാണ് കടകൾ കുത്തിത്തുറന്ന നിലയിൽ കണ്ടത്. പൂട്ട് തകർത്താണ് മോഷണം നടത്തിയത്. അംന കലക്ഷൻസ്, മിസ് റോസ്, ടോപ് ലേഡി, റാംപ്, ലെതർ വേൾഡ്, ബാഗ് പാലസ്, കണ്ണൂർ മൊബൈൽസ്, എം.കെ എൻറർപ്രൈസസ് എന്നീ വ്യാപാര സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചയുമായി പ്രദേശത്ത് കനത്ത മഴയായിരുന്നു. മഴയുടെ മറവിലാണ് മോഷണം നടത്തിയത്.
കുമ്പള ബസ് സ്റ്റാൻഡിന് സമീപം മീപ്പിരി സെൻററിലെ കടകളിലാണ് മോഷണം നടന്നത്. അന്വേഷണം ഊർജിതമായി നടക്കുന്നതായി പൊലീസ് പറഞ്ഞു. പണം, വസ്ത്രങ്ങൾ, വിലപിടിപ്പുള്ള ഫാൻസി വസ്തുക്കൾ തുടങ്ങിയവ മോഷണം പോയി. കോവിഡ് സുരക്ഷയുടെ ഭാഗമായി മാസങ്ങളായി അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾ ഇക്കഴിഞ്ഞ എട്ടുമുതലാണ് തുറന്ന് പ്രവർത്തനമാരംഭിച്ചത്. ഇതിനിടയിലാണ് തിങ്കളാഴ്ച പുലർച്ച കവർച്ചയും.കവർച്ച നടന്ന വ്യാപാര സ്ഥാപനങ്ങൾ വിരലടയാള വിദഗ്ധർ പരിശോധിച്ചു.
കുമ്പള സബ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, സർക്കിൾ ഇൻസ്‌പെക്ടർ പ്രമോദ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പുണ്ഡരീകാക്ഷ, എ.കെ. ആരിഫ്, ബി.എൻ. മുഹമ്മദലി, അഷ്‌റഫ് കൊടിയമ്മ, വിക്രം പൈ, സത്താർ ആരിക്കാടി, അൻവർ സിറ്റി എന്നിവർ കവർച്ച നടന്ന വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു. അന്വേഷണം നടത്തി കവർച്ചക്കാരെ ഉടൻ പിടികൂടണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.സി. ഖമറുദ്ദീൻ എം.എൽ.എ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.