കുപ്പത്തൊട്ടിയോ കുമ്പള?
text_fieldsകുമ്പള: വീട്ടിലെയും സ്ഥാപനത്തിലെയും മാലിന്യം വിച്ചെറിയാനുള്ള ഇടമാണോ കുമ്പള? മുക്കിലും മൂലയിലും പൊതുനിരത്തുകളിലും മാലിന്യം വലിച്ചെറിയുന്ന ദുരിതത്തിൽനിന്ന് എന്നാണ് കുമ്പളക്ക് മോചനം എന്ന് നാട്ടുകാർ ചോദിക്കുന്നു. അത്രക്കും ദുസഹമായിരിക്കുന്നു മാലിന്യം. മാലിന്യം ‘വലിച്ചെറിയൽ മുക്ത ജില്ല’ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുമ്പോൾ കുമ്പള കുപ്പത്തൊട്ടിയാകുകയാണ്.
കേരളത്തെ 2026 നു മുമ്പ് സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ നവകേരളം കർമ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിൽ ജില്ലാ ഭരണകൂടവും ത്രിതല പഞ്ചായത്ത് ഭരണസമിതികളും പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ പ്രാരംഭ നടപടികൾക്ക് റിപ്പബ്ലിക് ദിനത്തിൽ തുടക്കം കുറിച്ചിരിക്കുകയാണ്.
കുമ്പള പഞ്ചായത്ത് പരിധിയിൽ വിവിധ സ്ഥലങ്ങളിലായി മാലിന്യം വലിച്ചെറിയുന്നുണ്ട്. കുമ്പള പഞ്ചായത്ത്, പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫിസിന് മൂക്കിന് താഴെയായി സ്കൂൾ ഗ്രൗണ്ടിൽ മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും പതിവാണ്.
ഇതുമൂലം നൂറുകണക്കിന് സ്കൂൾ വിദ്യാർഥികളും തൊട്ടടുത്ത വ്യാപാരികളും ഏറെ ദുരിതം നേരിടുന്നു. പ്രായമായ വ്യാപാരികൾക്ക് മാലിന്യം കത്തിക്കൽ കാരണം വിഷപ്പുക മൂലം സ്വാസതടസ്സവും മറ്റും അനുഭവപ്പെടുന്നതായി വ്യാപാരികൾ തന്നെ പറയുന്നു. പുകപടലങ്ങളാൽ വിദ്യാർഥികൾക്ക് സ്കൂൾ മൈതാനത്ത് കളിക്കാൻ പറ്റാത്ത അവസ്ഥയാണ്. മാലിന്യം ചാക്കുകളിലാക്കിയാണ് രാത്രി എട്ടിന് ശേഷം സ്കൂൾ ഗ്രൗണ്ടിൽ തള്ളുന്നതും കത്തിക്കുന്നതും.
ദേശീയപാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തിയുടെ മറവിൽ രാത്രി മൊഗ്രാൽ പുഴയോരത്തും മൊഗ്രാൽ വലിയ നാങ്കി പരിസരത്തും പെർവാഡ് കടപ്പുറത്തും രാത്രി മാലിന്യം തള്ളുന്നതായി പ്രദേശവാസികൾ പറയുന്നു.
ജില്ലയെ മാലിന്യമുക്തമാക്കാൻ നടത്തുന്ന ബോധവൽക്കരണത്തിനു മുമ്പ് കർശനമായ നിയമനടപടികളാണ് ആവശ്യമെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.