അടിപ്പാതയിൽ വെള്ളക്കെട്ട്; ദുരിതം പേറി നാട്ടുകാർ
text_fieldsകുമ്പള: സംസ്ഥാന സർക്കാറിന്റെ 10 കോടിയിലേറെ രൂപ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ കുമ്പളയിലെയും പരിസരപ്രദേശങ്ങളിലെയും മൂന്ന് റെയിൽവേ അണ്ടർ പാസേജുകളിൽ വെള്ളം നിറഞ്ഞത് യാത്രക്കാർ ദുരിതത്തിൽ. ഇതുവഴി ഗതാഗതം തടസ്സപ്പെട്ടിട്ടും റെയിൽവേ അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാർ.
ആരിക്കാടി, കുമ്പള, മൊഗ്രാൽ പ്രദേശങ്ങളിലെ പടിഞ്ഞാർ തീരദേശ മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമെന്നോണം റെയിൽവേ നിർമിച്ച അണ്ടർ പാസേജുകളാണ് ശക്തമായ മഴയിൽ നാട്ടുകാരുടെ വഴിമുട്ടിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാറിൽനിന്ന് തുക കൈപ്പറ്റിയാണ് പാത നിർമിച്ചത്. ആറുവർഷം മുമ്പാണ് ആരിക്കാടിയിൽ അണ്ടർ പാസേജ് നിർമാണം പൂർത്തിയാക്കി നാട്ടുകാർക്ക് തുറന്നുകൊടുത്തത്. കുമ്പളയിലേത് നാലുവർഷം മുമ്പ് നിർമിച്ചതാണ്. മൊഗ്രാൽ കൊപ്പളം അണ്ടർ പാസേജ് ഈ വർഷം ആദ്യമാണ് നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തത്.
റെയിൽവേ അധികൃതർ കരാറുകാരെ ഏൽപ്പിച്ച് നിർമാണം പൂർത്തിയാക്കിക്കൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്ന ആക്ഷേപമുണ്ട്. അശാസ്ത്രീയമായ നിർമാണമാണ് ദുരിതത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളം ഒഴുക്കി വിടാൻ സംവിധാനവും നിർമാണ സമയത്ത് ഉണ്ടാക്കിയിട്ടില്ലെന്നാണ് ആക്ഷേപം. തട്ടിക്കൂട്ടി ഉണ്ടാക്കുന്ന ഓവുചാലുകളിലൂടെ വെള്ളം ഒഴുകുന്നില്ല. ഇതു വലിയ തോതിലുള്ള വെള്ളക്കെട്ടിന് കാരണമാവുന്നു. പൂർത്തിയാക്കിയ കരാർ കമ്പനി ഈ വിഷയത്തിൽ കൈമലർത്തുന്നുവത്രെ. വെള്ളക്കെട്ട് വർഷാവർഷം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെങ്കിലും ശാശ്വത പരിഹാരത്തിനായി ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അണ്ടർ പാസേജ് റെയിൽവേ ഡിപ്പാർട്ട്മെന്റിന് കീഴിലായതിനാൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളത്. വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്ത് അധികൃതരും, നാട്ടുകാരും, വാർഡ് മെമ്പർമാരും ചേർന്ന് എല്ലാ മഴക്കാലത്തും മോട്ടോർ വെച്ച് വെള്ളം ഒഴുക്കിവിടാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ശക്തമായ മഴ ഇതിന് തടസമാവുകയാണ്.
ആരിക്കാടിയിൽ എൽ.പി, യു.പി സ്കൂളുകൾ, പോസ്റ്റ് ഓഫിസ്, പള്ളി -മദ്റസകൾ ഒക്കെ സ്ഥിതിചെയ്യുന്നത് പടിഞ്ഞാറ് പ്രദേശത്താണ്. അണ്ടർ പാസേജ് കുളമായി മാറിയതോടെ വലിയതോതിലുള്ള യാത്രാദുരിതമാണ് പ്രദേശവാസികൾ നേരിടുന്നത്. കുമ്പള കോയിപ്പാടി പ്രദേശവാസികളും, മൊഗ്രാൽ കൊപ്പളം പ്രദേശവാസികളും സമാനമായ ദുരിതത്തിലാണ്. വെള്ളക്കെട്ട് കാരണം വിദ്യാർഥികളടക്കമുള്ളവർ റെയിൽപ്പാളം മുറിച്ചുകടക്കേണ്ടിവരുന്നത് രക്ഷിതാക്കളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇരുചക്ര വാഹനക്കാരും ഏറെ പ്രയാസമനുഭവിക്കുന്നു. വിഷയത്തിൽ റെയിൽവേ അനാസ്ഥ തുടർന്നാൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.