15 വർഷംമുമ്പ് 80 പവൻ സ്ത്രീധനം വാങ്ങി വിവാഹിതരായി; 20 പവൻ കൂടി ആവശ്യപ്പെട്ട് ഭാര്യയെയും മക്കളെയും ആക്രമിച്ചതായി പരാതി
text_fieldsകുമ്പള: സ്ത്രീധനം ആവശ്യപ്പെട്ട് സഹോദരിയെയും മക്കളെയും ആക്രമിച്ച് പരിക്കേൽപിച്ചതായി പരാതി. പാവൂർ ഗാന്ധിനഗർ നിവാസിയും ഉപ്പളയിൽ ഹോട്ടൽ നടത്തിപ്പുകാരനുമായ അബ്ദുൽ റസാഖിനെതിരെയാണ് ഇയാളുടെ ഭാര്യ സഫിയയുടെ സഹോദരന്മാരായ മുഹമ്മദ് ഹനീഫ, അബ്ദുൽ മുത്തലിബ് എന്നിവർ പരാതിപ്പെട്ടത്.
പതിനഞ്ചു വർഷം മുമ്പ് എൺപത് പവൻ സ്വർണവും രണ്ടു ലക്ഷം രൂപയും സ്ത്രീധനം നൽകിയാണത്രെ സഫിയയെ അബ്ദുൽ റസാഖിന് വിവാഹം ചെയ്തു കൊടുത്തത്. 20 പവൻ കൂടി നൽകണമെന്നാവശ്യപ്പെട്ട് വിവാഹം കഴിഞ്ഞ് ആറു മാസം മുതൽ ഭർത്താവ് അബ്ദുൽ റസാഖ്, ഭർത്താവിന്റെ സഹോദരൻ ഹനീഫ, സഹോദരിമാർ എന്നിവർ ചേർന്ന് പല വിധത്തിൽ സഫിയയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് ഇരുവരും കുമ്പളയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പല തവണ സമവായ ചർച്ചകൾ നടത്തിയെങ്കിലും പിന്നെയും പീഡനം തുടരുകയാണെന്നാണ് ആക്ഷേപം. പതിനാലും എട്ടും മൂന്നും വർഷം പ്രായമുള്ള മൂന്നു പെൺമക്കളാണ് സഫിയക്കുള്ളത്.
മക്കളെയും നിരന്തരം പീഡിപ്പിക്കുന്നതായും കഴിഞ്ഞ മൂന്നര വർഷമായി സഫിയയെയും കുട്ടികളെയും തൗഡു ഗോളിയിലുള്ള സ്വന്തം വീട്ടിലേക്കയക്കുകയോ ഫോൺ ചെയ്യാൻ സമ്മതിക്കുകയോ ചെയ്യുന്നില്ലെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ ദിവസം സഫിയയെയും കുട്ടികളെയും ആക്രമിച്ച് വെട്ടിപ്പരിക്കേൽപിക്കുകയും ഇനി വീട്ടിൽ കണ്ടാൽ മണ്ണെണ്ണയൊഴിച്ച് തീവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഇവർ വീടുവിട്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് സഹോദരന്മാർ പറഞ്ഞു.
വെട്ടേറ്റ് പരിക്കേറ്റ രണ്ടാമത്തെ കുട്ടിയും സഫിയയും കുമ്പളയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് ചൈൽഡ് ലൈൻ ഇടപെടുകയും മഞ്ചേശ്വരം പൊലീസ് കേസെടുക്കുകയും ചെയ്തതായി ഇവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.