ഫ്ലാറ്റിനുമുന്നിൽ നിരീക്ഷണ കാമറ; പരാതിയുമായി വീട്ടമ്മ, സുരക്ഷ മുൻനിർത്തിയെന്ന് ഫ്ലാറ്റ് ഉടമ
text_fieldsമഞ്ചേശ്വരം: ഉപ്പളയിൽ സ്ത്രീകൾ ഫ്ലാറ്റിനുപുറത്ത് ഇറങ്ങുന്ന ദൃശ്യം രഹസ്യ കാമറയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമക്കെതിരെ പരാതിയുമായി വീട്ടമ്മ. വീട്ടമ്മയുടെ പരാതിയിൽ കൊടിയമ്മ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് വിളിച്ചുവരുത്തി കാമറ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു.
മുപ്പതോളം ഫ്ലാറ്റുകളുള്ള കെട്ടിടത്തിൽ ഏറ്റവും മുകളിലത്തെ നിലയിൽ മാത്രമായി ഒരു പ്രത്യേക സ്ഥലത്തേക്ക് തിരിച്ച് ബെഡ്റൂം, ഹാൾ, ബാൽക്കണി എന്നീ സ്ഥലങ്ങൾ കാണുന്ന രീതിയിലാണ് നാലോളം രഹസ്യ കാമറ സ്ഥാപിച്ചത്. എന്നാൽ, പൊലീസിന്റെ നിർദേശം നടപ്പിലാക്കാൻ ഇദ്ദേഹം തയാറായിട്ടില്ല.
രഹസ്യ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതോടെയാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. പൊലീസ് നടപടി സ്വീകരിക്കാത്ത പക്ഷം ജില്ല പൊലീസ് മേധാവിയുടെ ഓഫിസിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് വീട്ടമ്മ മുന്നറിയിപ്പ് നൽകി.
അതേസമയം, തന്റെ ഫ്ലാറ്റിലാണ് കാമറ സ്ഥാപിച്ചതെന്നും റോഡിലേക്കുസ്ഥാപിച്ച ഒരു കാമറയുടെ ചെറിയ ഭാഗമാണ് സമീപത്തെ ഫ്ലാറ്റിന്റെ ഭാഗം ഉൾപ്പെടുന്നതെന്നും കൊടിയമ്മ സ്വദേശി പറഞ്ഞു. ഈ പ്രദേശത്താണ് കഴിഞ്ഞയാഴ്ച കവർച്ച നടന്നത്. സുരക്ഷ മുൻനിർത്തി സ്ഥാപിച്ച കാമറ ഫ്ലാറ്റ് ഉടമയുടെയും മറ്റു താമസക്കാരുടെയും അനുമതിയോടെയാണ് വെച്ചത്. ഇതിൽ ഒരു താമസക്കാരി മാത്രമാണ് പരാതിയുമായി രംഗത്തുവന്നത്. ഇതിൽ ദുരൂഹതയുണ്ടെന്നും വിഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചു എന്നുപറയുന്നത് തെറ്റാണെന്നും ഇയാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.