മഞ്ചേശ്വരം താലൂക്കിൽ ആശുപത്രി വേണ്ടേ?
text_fieldsഉപ്പള: ജില്ലയുടെ വടക്കെ അതിർത്തിയിലെ പ്രധാന സർക്കാർ ആശുപത്രിയായ മംഗൽപാടിയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോട് അവഗണന. താലൂക്ക് ആശുപത്രിയെന്ന പേരല്ലാത പ്രൈമറി ഹെൽത്ത് സെൻററിെൻറ സൗകര്യം പോലും ലഭിക്കില്ല.
സൗജന്യ ചികിത്സ ലഭിക്കുമെന്ന് കരുതിയെത്തുന്ന പാവപ്പെട്ടവരെ അതിർത്തി കടത്തി മംഗളൂരുവിലെ മെഡിക്കൽ കോളജിലേക്ക് പറഞ്ഞുവിടുന്ന ഏജൻസി പണിയാണ് താലൂക്ക് ആശുപത്രിയെന്ന പേരിൽ നടക്കുന്നതെന്നുവേണം പറയാൻ. സർക്കാർ തിരിഞ്ഞുനോക്കാത്തത് ഇൗ ഏജൻസിപ്പണിക്ക് കൂട്ടുനിൽക്കുന്നതിനാലാണെന്ന് ജനങ്ങൾ സംശയിച്ചാൽ തെറ്റുമാകില്ല.
പേരിനൊരു ബോർഡും വലിയൊരു ഗേറ്റുമല്ലാതെ താലൂക്ക് ആശുപത്രിയുടെ ലക്ഷണമായി ഇവിടെയൊന്നുമില്ല. പൊട്ടിപ്പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങൾപോലും ഇവിടെയുണ്ട്. ലാബിൽ സൗകര്യം നന്നേ കുറവ്. എക്സ്റേ, ഇ.സി.ജി സൗകര്യം പോലുമില്ല. ദേശീയ പാതക്കരികിലാണെങ്കിലും ട്രോമാ കെയർ സൗകര്യമൊരുക്കിയിട്ടില്ല. ദിനേന എഴുന്നൂറിലധികം രോഗികൾ ചികിത്സ തേടിയെത്തുന്ന ഈ ആതുരാലയത്തിൽ 21 ഡോക്ടർമാരും 118ഓളം അനുബന്ധ ജീവനക്കാരും വേണം.
പക്ഷേ, ഇവിടെയുള്ളത് ഏഴു ഡോക്ടർമാർ മാത്രം. അതിൽ തന്നെ മൂന്ന് ഡോക്ടർമാർക്ക് ഡ്യൂട്ടി കോവിഡ് സെൻററിലാണ്. ഇത് ചികിത്സ തേടിയെത്തുന്ന രോഗികളുടെ പ്രയാസം കൂട്ടുന്നതോടൊപ്പം ഡോക്ടർമാരുടെ ജോലി ഭാരവും വർധിപ്പിക്കുന്നു. ഉച്ചക്ക് ഒരുമണി കഴിഞ്ഞാൽ ഒ.പി സംവിധാനമില്ല. പിന്നീടുള്ളത് അത്യാഹിത വിഭാഗം പരിശോധന മാത്രം.
ചികിത്സക്ക് അന്യ സംസ്ഥാനത്തെ ആശ്രയിക്കുന്ന അവസ്ഥ മാറ്റണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
മഞ്ചേശ്വരം താലൂക്ക് ആശുപത്രിക്ക് അഞ്ചുകോടി രൂപ ചെലവഴിച്ച് അഞ്ചുനില ഒന്നാന്തരം കെട്ടിടം നിർമിക്കുമെന്ന് ജില്ല കലക്ടർ വാഗ്ദാനം നൽകിയിരുന്നെങ്കിലും അത് അന്തരീക്ഷത്തിലൊതുങ്ങി.
ശവമഞ്ച വിലാപയാത്ര
ഉപ്പള: മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അധികാരികളുടെ അവഗണനയിൽ പ്രതിഷേധിച്ച് മംഗൽപാടി ജനകീയ വേദി ശവമഞ്ച വിലാപയാത്ര നടത്തി.
സെപ്റ്റംബർ ഒന്നുമുതൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ മംഗൽപാടി ജനകീയ വേദി നടത്തുന്ന റിലേ സത്യഗ്രഹത്തിെൻറ ഭാഗമായാണ് പ്രതീകാത്മകമായി മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ ശവമഞ്ചം വഹിച്ച് താലൂക്ക് ആശുപത്രിക്ക് മുന്നിൽനിന്ന് ഉപ്പള ടൗണിലേക്ക് വിലാപയാത്ര നടത്തിയത്. കരീം പൂനെ അധ്യക്ഷത വഹിച്ചു.
എച്ച്.ആർ.പി.എം ജില്ല പ്രസിഡൻറ് കെ.ബി. മുഹമ്മദ് കുഞ്ഞി, എസ്.ടി.യു ജില്ല വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ ബന്തിയോട്, വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് കെ. രാമകൃഷ്ണൻ, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡൻറ് കെ.എഫ്. ഇഖ്ബാൽ, പി.ഡി.പി സംസ്ഥാന സെക്രട്ടറി എസ്.എം. ബഷീർ, അബു തമാം, മഹമൂദ് കൈക്കമ്പ തുടങ്ങിയവർ അനുശോചിച്ചു.
റഷീദ് മാസ്റ്റർ സ്വാഗതവും റൈശാദ് ഉപ്പള നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.