എട്ടുവയസ്സുകാരെൻറ മരണം : വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു
text_fieldsമഞ്ചേശ്വരം: ഷോക്കേറ്റ് എട്ടുവയസ്സുകാരൻ മരിച്ചതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം. നിർമാണം നടക്കുന്ന വീടിെൻറ ടെറസിൽ നിന്ന് ഷോക്കേറ്റ്, മോർത്തണ നിവാസിൽ താമസക്കാരനും ഓട്ടോ ഡ്രൈവറുമായ സദാശിവ ഷെട്ടി- യശോദ ദമ്പതികളുടെ മകൻ മോക്ഷിത് രാജ് ഷെട്ടി മരിച്ച സംഭവത്തിലാണ് പ്രതിഷേധമുയർന്നത്. ദുരന്തത്തിന് ഇടയാക്കിയത് വൈദ്യുതി വകുപ്പിെൻറ അനാസ്ഥയാണെന്നാണ് ആരോപണം.
മോർത്തണ കോളനിയിൽ നിർമാണം നടക്കുന്ന വീടിെൻറ ടെറസിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. ടെറസിൽ നിന്നും കഷ്ടിച്ച് ഒരടി മാത്രം മുകളിൽക്കൂടി കടന്നുപോകുന്ന എൽ.ടി ലൈനിൽ നിന്നാണ് ഷോക്കേറ്റത്. വീട് നിർമാണം ആരംഭിച്ചതോടെ, ലൈൻ ഉയർത്തുകയോ നേർ മുകളിൽനിന്നും മാറ്റിത്തരുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉടമ വോർക്കാടി സെക്ഷനിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ 12,000 രൂപ ബോർഡിന് ചെലവിനത്തിൽ അടക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ലൈൻ മാറ്റുന്ന നടപടി നിർത്തിവെക്കുകയായിരുന്നു.
സമാനരീതിയിൽ അയൽവാസികളായ അച്യുത ആചാര്യ, രാധാകൃഷ്ണൻ എന്നിവരുടെ വീടിനു മുകളിൽ ഒരടി ഉയരത്തിൽ മാത്രമാണ് എൽ.ടി ലൈൻ കടന്നുപോകുന്നത്. ഈ ലൈനുകൾ മാറ്റണമെന്ന് വീട്ടുകാരും നാട്ടുകാരും നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും വോർക്കാടി സെക്ഷന് കീഴിലെ ഉദ്യോഗസ്ഥർ തയാറായില്ല.
അപകടം നടന്ന സ്ഥലത്ത് നിരവധി കുട്ടികളാണ് ദിവസവും കളിക്കുന്നത്. രണ്ടുദിവസം മുമ്പാണ് ഈ വീടിെൻറ സ്ലാബ് കോൺക്രീറ്റ് വർക്ക് കഴിഞ്ഞത്. മറ്റു കുട്ടികൾ കളിക്കാൻ വരുന്നതിന് അൽപം മുമ്പാണ് മോക്ഷിത് രാജ് വീടിന്റെ ടെറസിൽ ഒറ്റക്ക് കയറിയത്. കുറച്ചു കഴിഞ്ഞിരുന്നെങ്കിൽ മറ്റു കുട്ടികളും ഒന്നിച്ചുകയറിയിരുന്നെങ്കിൽ വൻ ദുരന്തം ഉണ്ടാവുമായിരുന്നു.
സ്ഥലത്തെത്തിയ വോർക്കാടി സെക്ഷൻ അസി.എൻജിനീയർ ഷാജർഖാൻ അടക്കമുള്ള വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നാട്ടുകാർ തടഞ്ഞുവെക്കുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. പിന്നീട് രാഷ്ട്രീയ നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.