മോക്ഷമില്ലാതെ മഞ്ചേശ്വരം ചെറുകിട ജലസേചനവകുപ്പ് ഓഫിസ്
text_fieldsമഞ്ചേശ്വരം: ഓഫിസ് രൂപവത്കരിച്ച് 28 വർഷം കഴിഞ്ഞിട്ടും പ്രവർത്തനം കാടുപിടിച്ച വാടക കെട്ടിടത്തിൽ. ചെറുകിട ജലസേചന വകുപ്പിന്റെ മഞ്ചേശ്വരം സബ് ഡിവിഷൻ ഓഫിസിനാണ് ഈ ദുരിതം. 1992ലാണ് കുമ്പള, പുത്തിഗെ, എന്മകജെ, പൈവളിഗെ എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തി കുമ്പള സെക്ഷനും മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, മംഗൽപാടി എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തി മഞ്ചേശ്വരം സെക്ഷനും രൂപവത്കരിച്ചത്.
ഇരു സെക്ഷൻ ഉൾപ്പെടുന്നതാണ് മഞ്ചേശ്വരം സബ് ഡിവിഷൻ. രൂപവത്കരണ കാലംതൊട്ടേ വാടക കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. കുമ്പള സർക്കിളിന് വാടകക്കുപോലും കെട്ടിടം ഇല്ലാത്തതിനാൽ സബ് ഡിവിഷൻ ഓഫിസിൽ തന്നെയാണ് ജീവനക്കാരുടെ ജോലികൾ. പ്രവർത്തനമേഖലയായ ഭൂപ്രദേശത്തേക്ക് എത്താൻ 30-40 കിലോമീറ്ററുകൾ ദിവസവും സഞ്ചരിക്കേണ്ടി വരുന്നതും ഇവിടത്തെ ഉദ്യോഗസ്ഥരുടെ അനുഭവമാണ്.
ജലസേചന വകുപ്പിനുകീഴിൽ മുമ്പ് തടയണകളുടെ വാർഷിക അറ്റകുറ്റപ്പണികളാണ് സാധാരണ ഉണ്ടായിരുന്നത്. വല്ലപ്പോഴും പുതിയ തടയണകളുടെ നിർമാണം ഈ സബ് ഡിവിഷൻ ഓഫിസിന് കീഴിൽ നടന്നിരുന്നു. കാസർകോട് വികസന പാക്കേജ് വന്നതോടെ വർഷത്തിൽ ഒരു സെക്ഷന് കീഴിൽതന്നെ 3-4 വി.സി.ബികളും അനുബന്ധ നിർമാണ പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്.
സബ് ഡിവിഷന് കീഴിൽ വികസന പാക്കേജ് വഴി വർഷത്തിൽ പത്തോളം പദ്ധതികളാണ് അധികമായി ചെയ്തുവരുന്നത്.കോടികളുടെ പദ്ധതികൾ നടപ്പിലാക്കുന്ന ഈ സർക്കാർ ഓഫിസ് പ്രവർത്തിക്കുന്നത് പതിറ്റാണ്ടുകൾ പഴക്കംചെന്ന വാടക കെട്ടിടത്തിലാണ്. സബ് ഡിവിഷൻ ഓഫിസിന് ഹൊസബെട്ടു വില്ലേജിൽ 20 സെന്‍റ് ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങൾക്ക് മുമ്പേ വകുപ്പ് അധികൃതർ അപേക്ഷ നൽകിയിരുന്നെങ്കിലും ചുവപ്പുനാടയിൽ വിശ്രമിക്കാനാണ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.