നവകേരള സദസ്സ്; ഫണ്ട് അനുവദിക്കരുതെന്ന പ്രമേയം പാസാക്കി എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത്
text_fieldsമഞ്ചേശ്വരം: എൽ.ഡി.എഫ് ഭരിക്കുന്ന വോർക്കാടി പഞ്ചായത്തിൽ നവകേരള സദസ്സിലേക്ക് ഫണ്ട് അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ അവതരിപ്പിക്കപ്പെട്ട പ്രമേയം പാസായി.
ചൊവ്വാഴ്ച ചേർന്ന ഭരണസമിതിയിൽ യു.ഡി.എഫ്, ബി.ജെ.പി, എസ്.ഡി.പി.ഐ അംഗങ്ങൾ സംയുക്തമായാണ് പ്രമേയം അവതരിപ്പിച്ചത്. ഇതോടെയാണ് നവകേരള സദസ്സിലേക്ക് 50000 രൂപ നൽകാനുള്ള തീരുമാനം പൊളിഞ്ഞത്. നവകേരള യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയുടെ തലപ്പാവ് നേരെയാക്കി കൊടുത്തതിനെ തുടർന്ന് ശ്രദ്ധേയയായ എസ്. ഭാരതിയാണ് പ്രസിഡന്റ്.
അതേസമയം പ്രമേയമായല്ല, വെറും കത്ത് മാത്രമായിരുന്നുവെന്നും തുക അനുവദിക്കാൻ വകുപ്പുണ്ടെന്നും പ്രസിഡന്റ് എസ്. ഭാരതി പ്രതികരിച്ചു. ചൊവ്വാഴ്ച നടന്ന വോർക്കാടി പഞ്ചായത്ത് ഭരണസമിതിയിൽ തുക അനുവദിക്കുന്നതിനുള്ള അജണ്ട വന്നപ്പോൾ യു.ഡി.എഫ് പ്രമേയം നൽകുകയായിരുന്നുവെന്ന് അവതാരകൻ മുസ്ലിം ലീഗിലെ അബ്ദുൽ മജീദ് പറഞ്ഞു.
കോൺഗ്രസിലെ ഉമ്മർ ബോർക്കള പിന്തുണച്ചു. പ്രമേയത്തെ യു.ഡി.എഫിലെ നാല് അംഗങ്ങളും അഞ്ച് ബി.ജെ.പി അംഗങ്ങളും. ഒരു എസ്.ഡി.പി.ഐ അംഗവും അനുകൂലിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾക്ക് തന്നെ ഫണ്ടില്ലാത്ത സാഹചര്യത്തിൽ ഫണ്ട് അനുവദിക്കാനാവില്ലെന്ന് പ്രമേയം പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറിമാർക്ക് സ്വമേധയാ ഫണ്ട് അനുവദിക്കാമോ എന്ന കാര്യം പരിശോധിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. 16 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് ആറ് അംഗങ്ങളാണുള്ളത്. നാല് സി.പി.എം, രണ്ട് സി.പി.ഐ. യു.ഡി.എഫും എൽ.ഡി.എഫും നേർക്കുനേർ മത്സരിച്ചപ്പോൾ സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയായിരുന്നു. ബി.ജെ.പിക്ക് നാലും എസ്.ഡി.പി.ഐക്ക് ഒന്നുമാണ് പഞ്ചായത്തിൽ അംഗങ്ങൾ. 16ൽ പത്ത് അംഗങ്ങളും ഭരണസമിതിക്കെതിരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.