75 ലക്ഷം രൂപയുടെ അടക്ക ജി.എസ്.ടി വകുപ്പ് പിടിച്ചെടുത്തു
text_fieldsമഞ്ചേശ്വരം: ഉത്തരേന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപ വിലവരുന്ന 461 ചാക്ക് അടക്ക സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പിടിച്ചെടുത്തു. സ്ഥാപനത്തിന്് രജിസ്ട്രേഷൻ ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ നടത്തിയ വ്യാപാരത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് നടപടി. ജില്ലയുടെ വടക്കൻ അതിർത്തിയിലുള്ള പാത്തൂർ എന്ന സ്ഥലത്ത് സെപ്റ്റംബർ 13ന് മാത്രം രജിസ്ട്രേഷനെടുത്ത 'അനി ട്രേഡേഴ്സ് കടത്താൻ ശ്രമിച്ച അടക്കയാണ് പിടിച്ചെടുത്തത്. രജിസ്ട്രേഷൻ ലഭിച്ച് 17 ദിവസങ്ങൾ മാത്രമായ സ്ഥാപനം ഈ ദിസങ്ങൾക്കുള്ളിൽ 14 കോടി രൂപയുടെ വ്യാപാരം നടത്തിയതായി ഓൺലൈൻ പോർട്ടൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് സ്ഥാപനം നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു.
ഗുജറാത്തിലെ ജാംനഗറിലെയും വടക്ക് കിഴക്കൻ ഡൽഹിയിലെയും ഓരോ സ്ഥാപനങ്ങളിലേക്ക് അയക്കാനായി ഒക്ടോബർ രണ്ടിന് വൈകീട്ട് ആറുമണിക്കാണ് ഈ സ്ഥാപനം ഈ- വേ ബിൽ എടുത്തത്. അധികാരികളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ മനഃപൂർവം ഒരു ദിവസം താമസിച്ച് നാലാം തീയതി പുലർച്ച മാത്രമാണ് ചരക്ക് വാഹനം യാത്ര ആരംഭിച്ചത്. രേഖകൾ പ്രകാരമുള്ള യാത്രാമാർഗത്തിൽ പെടാത്ത ഉപ്പളയിൽ വെച്ചാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. ദിവസങ്ങൾ നീണ്ട അന്വേഷണ നടപടികൾ പൂർത്തിയാക്കി 22ന് ശനിയാഴ്ച പുലർച്ചയാണ് ചരക്ക് കണ്ടുകെട്ടി ഉത്തരവായത്.
ചരക്ക് സേവന നികുതി നിയമത്തിലെ 130ാംവകുപ്പ് പ്രകാരം നികുതിയും പിഴയും ഫൈനുമായി 13,99,126 രൂപ ഈടാക്കി ചരക്കും വണ്ടിയും ഉടമസ്ഥർക്ക് വിട്ടുകൊടുത്തു. ജോയൻറ് കമീഷണർ ഫിറോസ് കാട്ടിൽ, ഡെപ്യൂട്ടി കമീഷണർ വി. മനോജ് എന്നിവരുടെ നിർദേശ പ്രകാരം സ്റ്റേറ്റ് ടാക്സ് ഓഫിസർ കൊളത്തൂർ നാരായണെൻറ നേതൃത്വത്തിൽ അസി.സ്റ്റേറ്റ് ടാക്സ് ഓഫിസർമാരായ ശശികുമാർ മാവിങ്കൽ, പ്രദീഷ് രാജ്, പ്രസാദ് കുറ്റിക്കളത്തിൽ, വി. രാജീവൻ, ജൂനിയർ സൂപ്രണ്ട് കെ.വി. സന്ദീപ്, ഡ്രൈവർമാരായ കെ. വാമന, വിനോദ് മുളിയാർ എന്നിവരാണ് പരിശോധനയിലും തുടർന്നുള്ള അന്വേഷണത്തിലും സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.