ബൈക്കിലെത്തിയ യുവാവും യുവതിയും കത്തികാട്ടി വീട്ടമ്മയുടെ സ്വർണാഭരണം കവർന്നു
text_fieldsമഞ്ചേശ്വരം: പട്ടാപ്പകല്‍ ബൈക്കിലെത്തിയ യുവതിയും യുവാവും വീട്ടമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഒന്നര പവന്റെ സ്വര്‍ണവള കവര്‍ന്നു. ഉപ്പള ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ അഞ്ചികട്ടയില്‍ പരേതനായ ബോംബെ അറബിയുടെ വീട്ടിലാണ് കവർച്ച നടന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ജുമുഅ സമയത്ത് വീട്ടിലെത്തിയ യുവതിയും യുവാവും ബെല്ലടിക്കുകയും നോക്കാൻ വന്ന അറബിയുടെ ഭാര്യയായ വീട്ടമ്മയോട് 'അമ്മായി ഉണ്ടോ' എന്ന് ചോദിക്കുകയും ചെയ്തു.
സംസാരിക്കാൻ ശ്രമിക്കുന്നതിനിടെ അരയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത യുവാവ് സ്വർണാഭരണം നൽകാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ധിറുതിയിൽ, കൈയിൽ ഉണ്ടായിരുന്ന ഒന്നര പവന്റെ സ്വർണവള ഊരിക്കൊടുക്കുകയും ചെയ്തു. മറ്റു ആഭരണങ്ങൾ ആവശ്യപ്പെട്ടെങ്കിലും ശബ്ദം കേട്ട് വീട്ടിൽ ഉണ്ടായിരുന്നവർ എത്തിയതോടെ സംഘം ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. മുഖത്ത് ഹെൽമറ്റ് വെച്ചാണ് കവർച്ചക്കെത്തിയത്. ഇവർ ഹിന്ദിയാണ് സംസാരിച്ചതെന്ന് വീട്ടമ്മ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മഞ്ചേശ്വരം പൊലീസ് വീട്ടുകാരിൽനിന്നും മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.