നീലേശ്വരത്ത് 200 കോടിയുടെ വികസനം; ഇ.എം.എസ് സ്റ്റേഡിയത്തിൽ സ്ഥിരം ഗാലറി
text_fieldsനീലേശ്വരം: നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിലെ പവിലിയന് മുന്നിൽ സ്ഥിരം ഗാലറി നിർമിക്കുമെന്ന് എം. രാജഗോപാലൻ എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ഏഴരവർഷത്തിനുള്ളിൽ നീലേശ്വരം നഗരസഭയിൽ 200 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സിന്തറ്റിക് ട്രാക്കിൽ 100 മീറ്റർ മത്സരത്തിൽ ഫിനിഷ് ചെയ്യുന്നതിന്റെ പ്രയാസം പരിഹരിക്കാൻ ശ്രമിക്കും. വേനൽക്കാലത്ത് സ്റ്റേഡിയത്തിലെ പച്ചപ്പുൽ ഉണങ്ങാതിരിക്കാൻ കാര്യങ്കോട് പുഴയിൽനിന്ന് പൈപ്പ് വഴി മൈതാനത്ത് വെള്ളമെത്തിക്കുന്ന പദ്ധതിയും നടപ്പിലാക്കും. കൂടാതെ, ഇ.എം.എസിന്റെ പേരെഴുതിയ ബോർഡ് സ്ഥാപിക്കുമെന്നും എം.എൽ.എ പറഞ്ഞു. തെരു-തളിയിലമ്പലം, വില്ലേജ് ഓഫിസ് റോഡ് അഞ്ചു കോടി ചെലവഴിച്ച് ആധുനികീകരിക്കുന്ന പ്രവൃത്തിയുടെ ടെൻഡർ പൂർത്തിയായി.
18.72 കോടി രൂപയുടെ നീലേശ്വരം രാജാറോഡ് പ്രവൃത്തിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികളും ഇതോടൊപ്പമുള്ള 23.6 കോടി രൂപയുടെ കച്ചേരിക്കടവ് പാലത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. ബജറ്റിൽ വകയിരുത്തി അഞ്ചു കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന മിനി സിവിൽ സ്റ്റേഷന്റെ ഇൻവെസ്റ്റിഗേഷൻ ടെൻഡർ നടപടി പൂർത്തീകരിച്ചു. ഇനി മണ്ണുപരിശോധന നടത്തും. പത്ത് കോടിയുടെ മുണ്ടേമ്മാട് പാലത്തിന്റെ ടെൻഡർ നടപടിയും പുരോഗമിക്കുകയാണ്. 38.98 കോടിയുടെ അഴിത്തല-ഓർക്കുളം പാലത്തിന് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. മൂന്ന് കോടിയുടെ ലിഫ്റ്റ് സൗകര്യമുള്ള ജി.എൽ.പി സ്കൂൾ കെട്ടിടം പൂർത്തീകരിച്ചു. അഴിത്തല ടൂറിസം വികസനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഇവിടെ എത്താനുള്ള പ്രധാന മാർഗമായ നീലേശ്വരം-തൈക്കടപ്പുറം റോഡ് ആധുനികവത്കരിക്കുന്നതിന് ബജറ്റിൽ മൂന്നു കോടി വകയിരുത്തി. നീലേശ്വരം തൂത് ആശുപത്രിക്ക് ആധുനിക കെട്ടിടസമുച്ചയം നിർമിക്കുന്നതിന് 12.63 കോടി രൂപയുടെ ഡി.പി.ആർ പുതുക്കിയ സാമ്പത്തികാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
നീലേശ്വരത്തെ വികസനപദ്ധതികളിൽ ഭൂരിഭാഗവും പൂർത്തീകരിച്ചുവെന്നും മറ്റുള്ളവ പുരോഗമിക്കുന്നതായും എം. രാജഗോപാലൻ എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.