നൂറ്റാണ്ട് പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി
text_fieldsനീലേശ്വരം: കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ വരഞ്ഞൂരിൽ ചെങ്കല്ലറ കണ്ടെത്തി. വരഞ്ഞൂരിലും പരപ്പ വില്ലേജിലെ പ്ലാത്തടംതട്ടിൽ പള്ളത്തിനു സമീപവും പ്രാചീന കാലഘട്ടത്തിലെ മനുഷ്യർ പാറകളിൽ ഇരുമ്പായുധം കൊണ്ട് കോറിയിട്ട ശിലാചിത്രങ്ങളും കണ്ടെത്തി.
വരഞ്ഞൂരിലെ മധു ആറ്റിപ്പിലിന്റെ പറമ്പിൽ സതീശൻ കാളിയാനം കണ്ടെത്തിയ ചെങ്കല്ലറ 1800 വർഷങ്ങൾക്ക് മുമ്പ് മഹാശിലാ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ജനങ്ങളുടെ ചരിത്രശേഷിപ്പാണെന്ന് നെഹ്റു കോളജിലെ ചരിത്രാധ്യാപകൻ ഡോ. നന്ദകുമാർ കോറോത്ത് പറഞ്ഞു.
ചെങ്കല്ലറക്ക് മുകളിൽ മധ്യഭാഗത്തായി സുഷിരവും ഒരുഭാഗത്ത് അകത്ത് കയറാനുള്ള കവാടവുമുണ്ട്. മൃഗങ്ങളുടെ വ്യക്തമല്ലാത്ത രൂപവും ജാമിതീയ രൂപങ്ങളുമാണ് പ്ലാത്തടംതട്ടിൽ കാണപ്പെടുന്നത്.
വരഞ്ഞൂരിലെ ശിലാചിത്രത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യർ ഉപയോഗിച്ചിരുന്ന ചക്രങ്ങൾ ഘടിപ്പിച്ച വണ്ടിയുടെ രൂപമാകാം. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കാണപ്പെടുന്ന നൂറിലധികം മഹാശിലാസ്മാരകങ്ങളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പഠനവിധേയമാക്കിയാൽ നവീനശിലായുഗം മുതലുള്ള കേരളത്തിന്റെ സാംസ്കാരികചരിത്രത്തിന്റെ കൂടുതൽ തെളിവുകൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.