പാളപ്പാത്ര നിർമാണം കൈപ്പിടിയിലൊതുക്കി മടിക്കൈയിലെ യുവ ദമ്പതികൾ
text_fieldsനീലേശ്വരം: പ്രവാസജീവിതം ഉപേക്ഷിച്ച് കവുങ്ങിൻപാള പ്ലേറ്റ് നിർമാണം കൈപ്പിടിയിലൊതുക്കി ശ്രദ്ധേയമാവുകയാണ് മടിക്കൈയിലെ യുവദമ്പതികൾ. നാട്ടിൽ തിരിച്ചെത്തി 'പാപ്ല' എന്ന പാളനിര്‍മിത ഉല്‍പന്നങ്ങളിൽ വിപ്ലവം സൃഷ്ടിക്കുകയാണ് ദേവകുമാർ- ശരണ്യ ദമ്പതികൾ.
യു.എ.ഇയില്‍ ജോലി ചെയ്ത് വരുന്നതിനിടെയാണ് ഷെഡ്യൂള്‍ ജീവിതത്തോട് ഗുഡ്‌ബൈ പറഞ്ഞ് പ്രകൃതിഭംഗിയോട് അലിഞ്ഞുചേരാന്‍ തീരുമാനിച്ചത്. സ്പൂണ്‍ മുതല്‍ ഭക്ഷണം കഴിക്കാവുന്ന പാത്രങ്ങള്‍ വരെ നിര്‍മിക്കുന്നുണ്ട്. ഓരോ പാളക്കും നിശ്ചിത തുക ഉടമകള്‍ക്ക് ഇവര്‍ നല്‍കാറുണ്ട്. പാടത്തും പറമ്പിലും അലക്ഷ്യമായിക്കിടക്കുന്ന പാളകള്‍ ശേഖരിക്കുന്നതുകൊണ്ടുതന്നെ ഒരു പരിധിവരെ കൊതുക് ശല്യം ഇല്ലാതാകുന്നു. അതിനാല്‍ ആരോഗ്യ വകുപ്പില്‍ നിന്നും ഈ ദമ്പതികൾക്ക് പൂർണ പിന്തുണ ലഭിക്കുന്നുണ്ട്. കാരിബാഗുകള്‍, പാത്രങ്ങള്‍, ചിരട്ട കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ എന്നിവയും 'പാപ്ല'യിലുണ്ട്. കൃത്യമായ പഠനം നടത്തിയ ശേഷമാണ് ദേവകുമാറും ശരണ്യയും ഈ മേഖലയിലേക്ക് ചുവടുവെച്ചത്. ശേഖരിക്കുന്ന പാളകള്‍ ഉണക്കി ശുദ്ധമായ വെള്ളത്തില്‍ കഴുകിയ ശേഷമാണ് യന്ത്രത്തിലേക്ക് വെക്കുന്നത്. അഞ്ച് തൊഴിലാളികളാണ് നിലവില്‍ 'പാപ്ല'യിലുള്ളത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലായി ഇതിനോടകം തന്നെ ഉല്‍പന്നങ്ങള്‍ അയച്ചിട്ടുണ്ട്. ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ഉല്‍പന്നങ്ങള്‍ അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.