അബ്ദുൽ റഹ്മാന്റെ നെല്ല് ക്ഷേത്രത്തിലെ നിറപുത്തരിക്ക്
text_fieldsനീലേശ്വരം: പരമ്പരാഗത നെൽ കർഷനായ ബളാൽ കുഴിങ്ങോട്ടെ അബ്ദുൽ റഹ്മാന്റെ പാടത്തുനിന്ന് ആദ്യ കൊയ്ത്തിലെ കതിർ ക്ഷേത്രങ്ങളിലെ നിറപുത്തരിക്ക് നൽകി.
ഉഴുതുമറിച്ച പാടത്ത് ഞാറുനടലും കൊയ്ത്തും കറ്റമെതിയും നെല്ല് പുഴുങ്ങലും എല്ലാം പരമ്പരാഗത രീതിയിലാണ് അബ്ദുൽ റഹ്മാൻ ചെയ്യുന്നത്. മാറിവരുന്ന കാലാവസ്ഥക്ക് അനുയോജ്യമായ വിത്തിനങ്ങൾ പരീക്ഷിക്കുന്ന ഈ കർഷകൻ ഇത്തവണ ഡി വൺ എന്ന നെൽവിത്താണ് പരീക്ഷിച്ചത്. പക്ഷേ, നിരന്തരമായി പെയ്ത മഴയും കാട്ടുമൃഗ ശല്യവും കാരണം ഇത്തവണ വിളവ് പ്രതീക്ഷിച്ച പോലെ ലഭിച്ചില്ല. എങ്കിലും നെൽകൃഷി അന്യംനിന്നുപോകാതിരിക്കാനും മലയോരത്തെ വിവിധ ക്ഷേത്രങ്ങളിലേക്ക് നിറപുത്തരിക്ക് തന്റെ പാടത്തുള്ള നെൽകതിർ നൽകുന്നത് ലാഭ നഷ്ടങ്ങൾ നോക്കാതെയാണ്.
തൊഴിലാളികളുടെ കൊയ്ത്തുപാട്ടിന്റെ ഈരടിയിൽ കതിർ കൊയ്തു കൊണ്ട് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ജെ മാത്യു, പഞ്ചായത്ത് മെംബർമാരായ പത്മാവതി, സന്ധ്യ ശിവൻ, കൃഷി ഓഫിസർ നിഖിൽ നാരായണൻ, അസി. കൃഷി ഓഫിസർ ശ്രീഹരി എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.