കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറിനെതിരെ ആരോപണം കെട്ടിച്ചമച്ചതെന്ന് ഭരണസമിതി
text_fieldsനീലേശ്വരം: കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രസിഡൻറ് ടി.കെ. രവിയെയും ഭരണസമിതിയെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും അവഹേളിക്കുകയാണെന്ന് പഞ്ചായത്ത് ഭരണ സമിതി പ്രമേയം.
ജില്ലയിൽ തന്നെ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. പഞ്ചായത്ത് ഭരണസമിതി, ആരോഗ്യ പ്രവർത്തകർ, വാർഡ്തല-ക്ലസ്റ്റർതല ജാഗത സമിതികൾ, സന്നദ്ധ വളൻറിയർമാർ എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. കരിന്തളം ഗവ. കോളജ്, പരപ്പ ഗവ. ഹയർസെക്കൻഡറി സ്കൂൾ, കൂവാറ്റി ഗവ.യു.പി സ്കൂൾ, കുമ്പളപ്പള്ളി എ.യു.പി സ്കൂൾ എന്നിവിടങ്ങളിലായി നാല് ഡി.സി.സികളാണ് ഏർപ്പടുത്തിയത്. ലഭിക്കുന്ന പണം, പലവ്യഞ്ജനം, മറ്റ് അനുബന്ധ സാധനങ്ങൾ എന്നിവയുടെ വരവ്-ചെലവു കണക്കുകൾ എന്നിവ കൃത്യമായി എഴുതി സൂക്ഷിക്കുകയും അതത് യോഗം വിളിച്ച് അംഗീകരിക്കുകയും ചെയ്യുന്നു.
പഞ്ചായത്ത് പ്രസിഡൻറ് ഒറ്റക്ക് ആരോടും കാശ് പിരിച്ചിട്ടില്ല എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. 17 വാർഡുകളിൽനിന്നായി 211 രസീതികളിലായി 1044273 രൂപയാണ് ആകെ പിരിച്ചത്. പിരിക്കുന്ന തുക മുൻകാലങ്ങളിൽ ചെയ്തപോലെ കരിന്തളം സർവിസ് സഹകരണ ബാങ്കിൽ പഞ്ചായത്ത് പ്രസിഡൻറിെൻറയും 12ാം വാർഡ് മെംബർ മനോജ് തോമസിെൻറയും പേരിൽ ജോയൻറ് അക്കൗണ്ട് ആരംഭിച്ച് അതിലാണ് നിക്ഷേപിക്കുന്നത്. പരപ്പ ഫെഡറൽ ബാങ്കിൽ സെക്രട്ടറിയുടെ പേരിൽ അക്കൗണ്ടും ആരംഭിച്ചു.
പരമാവധി എല്ലാ ഇടപാടുകളും ബാങ്ക് അക്കൗണ്ട് മുഖേനയാണ് നടത്തിയിട്ടുള്ളത്. ഒരു കരാറുകാരനോടും ക്വാറി മുതലാളിമാരോടും മില്ലുടമകളോടും ഒരു രൂപപോലും പിരിച്ചിട്ടില്ല. വസ്തുത ഇതായിരിക്കെ പിതൃശൂന്യ പരാതികൾ പടച്ചുവിട്ട് വിവാദങ്ങളുണ്ടാക്കുകയാണ്. ഇത്തരം നീക്കങ്ങളെ ജനങ്ങൾ തള്ളിക്കളയണമെന്ന് ഭരണസമിതി ആവശ്യപ്പെട്ടു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.എ. എലിസബത്താണ് പ്രമേയം അവതരിപ്പിച്ചത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ടി.പി. ശാന്ത, സി.എച്ച്. അബ്ദുൽ നാസർ, മനോജ് തോമസ്, സിൽവി ജോസ് എന്നിവർ സംസാരിച്ചു. അസി. സെക്രട്ടറി പി.യു. ഷീല സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.