കൈകളിൽ വിരിയുന്നത് വിസ്മയിപ്പിക്കുന്ന മിനിയേച്ചർ
text_fieldsനീലേശ്വരം: ബസുകളുടെയും മറ്റ് വാഹനങ്ങളുടെയും മിനിയേച്ചറുമായി 18കാരൻ ഏവരെയും വിസ്മയിപ്പിക്കുകയാണ്. നീലേശ്വരം പാലായി യോഗ പ്രകൃതിചികിത്സ കേന്ദ്രത്തിന് സമീപം വള്ളിയടുക്കത്തെ ഷാജി-വനജ ദമ്പതികളുടെ മകൻ സിദ്ധാർഥാണ് ഈ അതുല്യകലാകാരൻ.
ചെറുതും വലുതുമായ ഏത് വാഹനത്തിന്റെയും ഫോട്ടോ കണ്ടാൽ അതിന്റെ ഭംഗിയും മോഡലും നഷ്ടപ്പെടാതെ ഒറിജിനലിനെ വെല്ലുന്ന വാഹനങ്ങളുണ്ടാക്കും. വാഹനത്തിന്റെ കളർ ഉൾപ്പെടെ നൽകി മനോഹരമായി സിദ്ധാർഥിന്റെ കൈയിലൂടെ പിറവിയെടുക്കും. പ്ലസ് ടു കഴിഞ്ഞ് ഐ.ടി.ഐ പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ വാഹനങ്ങളോട് കമ്പം തോന്നിയിട്ടുണ്ടെങ്കിലും പ്ലസ് വണിൽ പഠിക്കുമ്പോഴാണ് വാഹനങ്ങളുടെ മിനിയേച്ചർ നിർമാണത്തിലേക്ക് കടന്നത്.
കൂടുതലും പ്രൈവറ്റ് ബസുകളാണ് നിർമിച്ചത്. ടൂറിസ്റ്റ് ബസുകളും ദൃശ്യഭംഗി ഒട്ടുംചോരാതെ എൽ.ഇ.ഡി ലൈറ്റുകൾ അടക്കം ഫിറ്റ് ചെയ്ത് അതേ നിറങ്ങളിൽ തന്നെ നിർമിച്ചിട്ടുണ്ട്. ഫോട്ടോ കണ്ടാൽ കൈകൊണ്ട് നിർമിച്ചതാണെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. നിർമാണത്തിന് 90 ശതമാനം ഫോം ഷീറ്റാണ് ഉപയോഗിക്കുന്നത്. പിന്നെ തുണി, ലൈറ്റ്, ബാറ്ററി, പെയിന്റ് തുടങ്ങിയവയാണ് മറ്റ് വസ്തുക്കൾ. 40 സെ.മീറ്റർ നീളവും 12 സെ.മീറ്റർ വീതിയും 15 സെ.മീറ്റർ ഉയരവുമുള്ളതാണ് കരവിരുതിൽ പുറത്തിറങ്ങുന്ന വാഹനങ്ങൾ.
തുടർച്ചയായി ചെയ്താൽ 10 ദിവസവും അല്ലെങ്കിൽ, 20 ദിവസവുമെടുത്താണ് ഒരു വാഹനം നിർമിക്കുന്നത്. ഇതിനുള്ള സാധനത്തിന് മാത്രം രണ്ടായിരത്തിലധികം രൂപയാകുന്നുണ്ട്. ആളുകൾ ആവശ്യപ്പെട്ടാൽ അവരുടെ ഇഷ്ട വാഹനങ്ങൾ നിർമിച്ചുനൽകുന്നുണ്ട്. ഫോൺ: 7736579843.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.