അവശനിലയിലായ നായ്ക്ക് പുതുജീവൻ നൽകി മൃഗസ്നേഹികൾ
text_fieldsനീലേശ്വരം: അവശനിലയിലായ തെരുവുനായ്ക്ക് സംരക്ഷണമൊരുക്കി ചുള്ളിക്കരയിലെ മൃഗസ്നേഹികൾ. വയറ്റിൽ ട്യൂമർ ബാധിച്ച ചുള്ളിക്കര ടൗണിലെ കാവൽക്കാരിയായ നായ്ക്കാണ് ഒരുകൂട്ടം ആളുകൾ സംരക്ഷണവുമായി മുന്നോട്ടുവന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വയറിനടിയിൽ നിലത്തിഴയുന്ന രീതിയിൽ ഗോളാകൃതിയിലുള്ള മാംസപിണ്ഡവുമായി ഏന്തിനടക്കുന്ന നായ് ചുള്ളിക്കരയിലെ നൊമ്പരക്കാഴ്ചയായിരുന്നു. ചുള്ളിക്കരയിലെ ഡ്രൈവർമാരായ രാജു ചൂരനോലിക്കൽ, മുപ്പാത്തിയിൽ സണ്ണി എന്നിവർ നായെ ഒരാഴ്ച മുമ്പ് രാജപുരം മൃഗാശുപത്രിയിലെത്തിച്ച് താൽക്കാലിക ചികിത്സ ലഭ്യമാക്കിയിരുന്നു.
ശസ്ത്രക്രിയ ചെയ്യാനാണ് അന്ന് നിർദേശിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം ജില്ല വെറ്ററിനറി കേന്ദ്രത്തിലെ സീനിയർ സർജൻ ഡോ. എ. മുരളീധരനെ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം നായെ പരിചരണത്തിനായി തൃക്കരിപ്പൂരിലെ എ.ബി.സി കേന്ദ്രത്തിലേക്ക് മാറ്റാനൊരുങ്ങുകയാണ്. ചുള്ളിക്കരയിലെ രാജു ചൂരനോലിക്കൽ, ബേബി മേലത്ത്, മുപ്പാത്തിയിൽ സണ്ണി, അമല ടോമി, അലോണ ബിജു, വിൽസൻ മാങ്കുന്നേൽ തുടങ്ങിയവരുടെ കരുണവറ്റാത്ത ഇടപെടലാണ് മിണ്ടാപ്രാണിയുടെ ജീവന് രക്ഷയായത്. പരിശോധനക്കുശേഷം ആവശ്യമെങ്കിൽ ശസ്ത്രക്രിയ നടത്തി പരിചരണത്തിനുശേഷം ചുള്ളിക്കരയിൽ തന്നെ എത്തിക്കുമെന്ന് ഡോക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.