ആദ്യ വനിത ഫുട്ബാൾ അനലിസ്റ്റായി അഞ്ജിത
text_fieldsനീലേശ്വരം: ഫുട്ബാൾ മത്സരങ്ങളുടെ വീഡിയോ വിലയിരുത്തി സ്വന്തം ടീമിന്റെയും എതിർ ടീമിന്റെയും കളിയുടെ തന്ത്രംമെനയുന്ന രാജ്യത്തെ ആദ്യ വനിത ഫുട്ബാൾ അനലിസ്റ്റായി നീലേശ്വരം ബങ്കളത്തെ 23കാരിയായ എം. അഞ്ജിത. തൃശൂർ കാർമൽ കോളജിൽ എം.കോം രണ്ടാം വർഷ വിദ്യാർഥിനിയാണ്.
ഗോകുലം കേരള എഫ്.സി സീനിയർ വനിത ടീമിന്റെ വീഡിയോ അനലിസ്റ്റായി ഒരുവർഷത്തേക്ക് അഞ്ജിത കരാർ ഒപ്പുവെച്ചു. സെപ്റ്റംബർ ആദ്യവാരം ജോലിയിൽ പ്രവേശിക്കും. നേരത്തെ മുത്തൂറ്റ് എഫ്.സിയുടെ വീഡിയോ അനലിസ്റ്റായിരുന്നു. പ്രഫഷനൽ ഫുട്ബാൾ സ്കൗട്ടിങ് അസോസിയേഷനിൽ (പി.എഫ്.എസ്.എ) നിന്നാണ് കോഴ്സ് പൂർത്തിയാക്കിയത്. കേരള ബ്ലാസ്റ്റേഴ്സ് വനിത ടീം പരിശീലകൻ ഷരീഫ് ഖാന്റെ പിന്തുണയും അനലിസ്റ്റ് ഡൽഹിയിലെ ആനന്ദ് വർധന്റെ പ്രോത്സാഹനവും അഞ്ജിതക്ക് സഹായമായി. ദേശീയ വനിത ടീമിന്റെ വീഡിയോ അനലിസ്റ്റാകുകയാണ് ഈ മലയാളിതാരത്തിന്റെ ലക്ഷ്യം. കലക്ടർ കെ. ഇമ്പശേഖർ അഞ്ജിതയെ ഫേസ്ബുക്ക് വഴി അനുമോദിച്ചു.
ഒന്നാം ക്ലാസ് മുതൽ പ്ലസ് ടുവരെ ബങ്കളം ഗവ. ഹയർ സെക്കൻഡറിയിലായിരുന്നു പഠനം. എട്ടാം ക്ലാസിലെത്തിയപ്പോൾ സ്കൂൾ ഫുട്ബാൾ ടീമിൽ ചേർന്നു. നിതീഷ് ബങ്കളമായിരുന്നു പരിശീലകൻ. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ബിരുദ പഠനകാലത്താണ് കൂടുതൽ അവസരങ്ങൾ അഞ്ജിതയെ തേടിയെത്തിയത്.
കേരള ജൂനിയർ, സീനിയർ വനിത ടീമുകളിൽ ഇടംലഭിച്ചു. കോഴിക്കോട് സർവകലാശാലക്ക് വേണ്ടിയും ബൂട്ടണിഞ്ഞു. പ്രതിരോധനിരയിൽ കാലുറപ്പിച്ച അഞ്ജിത പിന്നീട് ബംഗളൂരു ബ്രേവ്സ്, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ നൈറ്റ്സ് ടീമുകളുടെ ജേഴ്സിയണിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.