കാഞ്ഞങ്ങാട് ആർ.ടി.ഒയിൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നു
text_fieldsനീലേശ്വരം: കാഞ്ഞങ്ങാട് റോഡ് ട്രാൻസ്പോർട്ട് ഓഫിസിൽ (ആർ.ടി.ഒ) പുതുക്കാനായി അപേക്ഷ നൽകിയവർക്ക് മൂന്നു മാസം കഴിഞ്ഞിട്ടും ലൈസൻസ് കിട്ടാത്ത അവസ്ഥ. നിലവിൽ കാഞ്ഞങ്ങാട് ഓഫിസിൽ 4000ത്തോളം അപേക്ഷകൾ പുതുക്കാതെ കെട്ടിക്കിടക്കുകയാണ്.
കഴിഞ്ഞ ജൂലൈ മുതലുള്ള അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. കാഞ്ഞങ്ങാട് ഓഫിസിന്റെ ജോലി ഭാരം കുറക്കുന്നതിന് നീലേശ്വരത്ത് പുതിയ ആർ.ടി.ഒ ഓഫിസ് തുറക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. നീലേശ്വരത്ത് പുതിയ ഓഫിസ് അനുവദിച്ചാൽ ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ പഞ്ചായത്തുകളിലേയും ജനങ്ങളുടെ അപേക്ഷകൾ എളുപ്പത്തിൽ തീർപ്പാക്കാനാകും.
സാരഥി എന്ന സോഫ്റ്റ് വെയറിൽ ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കാലാവധി തീർന്ന ലൈസൻസിന്റെ ഒറിജിനൽ, ഫോട്ടോ, അപേക്ഷകന്റെ ഒപ്പ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത അപേക്ഷയാണ് ഓൺലൈനായി സമർപ്പിക്കേണ്ടത്. 505 രൂപയാണ് ഇതിന് ചെലവ് വരുന്നത്.
ഒരുപാട് അപേക്ഷകൾ വരുന്നതാണ് വൈകുന്നതിന് കാരണമെന്ന് അധികൃതർ പറയുന്നു. കൂടാതെ ഓൺലൈൻ അപേക്ഷ വെരിഫിക്കേഷൻ ചെയ്യാൻ സമയമെടുക്കുന്നതായും അപേക്ഷയോടൊപ്പം സ്കാൻ ചെയ്തുവെക്കുന്ന പകർപ്പുകൾ ചിലപ്പോൾ വ്യക്തത ഉണ്ടാകുന്നില്ലെന്നും അതിനാൽ അപേക്ഷകൾ തിരിച്ചയക്കേണ്ടിയും വരുന്നു.
അത്യാവശ്യക്കാർക്ക് പെട്ടെന്ന് ലൈസൻസ് പുതുക്കി നൽകുന്നതായും അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഓൺലൈൻ സംവിധാനംവന്നതു മുതൽ ലൈസൻസ് പുതുക്കി നൽകുന്നതിൽ കാലതാമസം ഉണ്ടാകുന്നതായും അപേക്ഷകർ പരാതിപ്പെടുന്നു. അപേക്ഷകൾ വൈകുന്നത് വലിയ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. നീലേശ്വരത്ത് പുതിയ ആർ.ടി.ഒ ഓഫിസ് അനുവദിച്ചാൽ ആവശ്യമായ സൗകര്യം ചെയ്തു നൽകുമെന്ന് നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.