കൈക്കരുത്തിൽ എതിരാളികളെ മലർത്തിയടിച്ച് മുന്നോട്ട്..
text_fieldsനീലേശ്വരം: എതിരാളികൾ അജാനുബാഹുവായ മല്ലന്മാരായാലും മുഹമ്മദ് റാഫിൽ അവരെ മലർത്തിയടിച്ച് വിജയക്കൊടി പറത്തും. നീലേശ്വരം പള്ളിക്കരയിലെ പ്ലസ് വൺ വിദ്യാർഥിയായ മുഹമ്മദ് റാഫിലിലാണ് കൈക്കരുത്തിെൻറ ഗെയിമായ ഗുസ്തിയിലെ പുതിയ താരോദയം. പള്ളിക്കര ജമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന റാഫിൽ കണ്ണൂർ മുണ്ടയാട് സി.എച്ച്. ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. നല്ല ഉയരവും വണ്ണവുമുള്ള റാഫിലിനെ കായിക അധ്യാപകനായ മനോജ് പള്ളിക്കരയാണ് ഗുസ്തിയിലേക്ക് വഴി കാണിച്ചു കൊടുത്തത്.
പള്ളിക്കര സെൻറ് ആൻറ്സ് യു.പി സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുമ്പോൾ കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ കായികമികവിൽ സെലക്ഷൻ ലഭിച്ചു. തുടർന്നാണ് ഗുസ്തിയിൽ കൂടുതൽ മികവ് തെളിയിക്കാൻ അവസരം ലഭിച്ചത്. കണ്ണൂർ ജില്ല സബ് ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ 65കിലോ വിഭാഗത്തിൽ നിരവധി വർഷം തുടർച്ചയായി ജേതാവായി. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് രണ്ട് ഒന്നാം സ്ഥാനവും മൂന്ന് രണ്ടാം സ്ഥാനവും നേടി. കായിക കരുത്തിെൻറ നേട്ടം മൂലം കേരളത്തിനു വേണ്ടി സബ് ജൂനിയർ വിഭാഗത്തിൽ ദേശീയ മത്സരത്തിലും പങ്കെടുത്തു.
2021 ഉത്തർപ്രദേശിൽ നടന്ന ദേശീയ സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ചു. 65കിലോ വിഭാഗത്തിൽ എതിരാളി ഇല്ലാത്തതിനാൽ സംഘടകർ മുഹമ്മദ് റാഫിലിനെ 95കിലോ വിഭാഗത്തിലാണ് മത്സരിപ്പിച്ചത്. തന്നേക്കാളും 30കിലോ അധികമുള്ള എതിരാളിയെ നിശ്ചിതസമയം വരെ പൊരുതി നിന്നെങ്കിലും അവസാന നിമിഷം മത്സരം കൈവിട്ടുപോയി.16 വയസ്സുള്ള മുഹമ്മദ് റാഫിൽ ഗുസ്തിയിൽ കൂടുതൽ കൈക്കരുത്തോടെ മുന്നേറാൻ തന്നെയാണ് തീരുമാനം.
ജപ്പാനിൽ കഴിഞ്ഞ മാസം നടന്ന ഒളിമ്പിക്സിൽ ഇന്ത്യയുടെ എല്ലാ ഗുസ്തി മത്സരങ്ങളും സൂക്ഷ്മതയോടെ കണ്ട് കൂടുതൽ പഠിക്കുവാനും കഴിഞ്ഞെന്നും ഇന്ത്യക്ക് വേണ്ടി ഗുസ്തിയിൽ ഒരു മെഡൽ നേടിക്കൊടുക്കാൻ ആഗ്രഹമുണ്ടെന്ന് മുഹമ്മദ് റാഫിൽ പറഞ്ഞു. വയനാട് സ്വദേശികളായ കുടുംബം കഴിഞ്ഞ 15 വർഷമായി പള്ളിക്കരയിലാണ് താമസം.
പള്ളിക്കര ജമാഅത്ത് മദ്റസയിലെ ഉസ്താദായ കെ. ഇബ്രാഹിം -ബീയാത്തുകുട്ടി ദമ്പതികളുടെ മകനാണ്. സഹോദരൻ മുഹമ്മദ് റഷാദ് നീലേശ്വരം രാജസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താംതരം വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.