നഴ്സിനെതിരെ കൈയേറ്റവും കൃത്യനിർവഹണം തടസ്സപ്പെടുത്തലും; മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്, വൈ.പ്രസിഡന്റ്, ബി.ജെ.പി ജില്ല സെക്രട്ടറിയടക്കം 13 പേർക്കെതിരെ കേസ്
text_fieldsനീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ എരിക്കുളം പൂത്തക്കാൽ ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെ ൈകയേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ മടിക്കൈ പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡന്റ്, ബി.ജെ.പി ജില്ല സെക്രട്ടറി ഉൾപ്പെടെ 13 പേർക്കെതിരെ കേസ്.
മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, വൈസ് പ്രസിഡന്റ് വി. പ്രകാശൻ, മടിക്കൈ പഞ്ചായത്ത് അംഗവും ബി.ജെ.പി ജില്ല സെക്രട്ടറിയുമായ എ. വേലായുധൻ, പഞ്ചായത്ത് അംഗങ്ങളായ രജിത പ്രമോദ്, പി.പി. ലീല, പി. സത്യ, രമ പത്മനാഭൻ, എൻ. ഖാദർ, ഹെൽത്ത് ഇൻസ്പെക്ടർ എം. ചന്ദ്രൻ, കെ.എം. ഷാജി, അരുൺ കോളിക്കുന്ന്, രവീന്ദ്രൻ, ശൈലജ എന്നിവർക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
മടിക്കൈ എരിക്കുളം ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് പിലിക്കോട് മട്ടലായി ബിന്ദു ഭവനിൽ തങ്കപ്പന്റെ മകൾ പി. സുമയുടെ പരാതിയിലാണ് കേസ്. 2023 മാർച്ച് 30, ഏപ്രിൽ മൂന്ന് എന്നീ ദിവസങ്ങളിൽ ആരോഗ്യ കേന്ദ്രത്തിൽ അതിക്രമിച്ച് കയറി സുമയുടെ കൈയിൽ നിന്ന് ആശുപത്രി രജിസ്റ്റർ ബുക്ക് അനുവാദം കൂടാതെ പിടിച്ചുവാങ്ങുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ജില്ല കലക്ടർക്ക് സുമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
അതേസമയം പരാതി അടിസ്ഥാന രഹിതമാണെന്നും ദേശീയ ആരോഗ്യ മിഷൻ പദ്ധതിയിൽ കേന്ദ്ര സർക്കാറിന്റെ നിർദേശപ്രകാരം ആരോഗ്യ കേന്ദ്രത്തിൽ നിയമിച്ച ജീവനക്കാരിയെ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാതിരിക്കുകയും ജോലിക്ക് ഹാജരായ ജീവനക്കാരിക്ക് ഒപ്പുവെക്കാൻ രജിസ്റ്റർ നൽകാതിരിക്കുകയും ചെയ്യുന്നതായി ജില്ല മെഡിക്കൽ ഓഫിസിൽ നിന്ന് ലഭിച്ച പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് ആരോഗ്യകേന്ദ്രത്തിൽ എത്തിയതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീതയും കേസിലുൾപ്പെട്ടവരും പറയുന്നത്.
മേയ് മാസത്തിൽ നഴ്സും പരാതിക്കാരിയുമായ സുമയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നുപറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റിനും മറ്റുള്ളവർക്കുമെതിരെ കാസർകോട് എസ്.എം.എസ് ഡിവൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും പിന്നീട് കേസ് രണ്ട് വിഭാഗവും ചർച്ച നടത്തി ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതിന് ശേഷം നഴ്സ് സുമയെ ആദൂർ ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റി. ഇതിന് ശേഷമാണ് പുതിയ പരാതി നൽകിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കേസിന് ആസ്പദമായ യഥാർഥ സംഭവങ്ങൾ ജില്ല കലക്ടറെ ബോധ്യപ്പെടുത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.