കോടാലി വീഴുമോ? പൂത്തുലഞ്ഞ് മാവുകൾ
text_fieldsനീലേശ്വരം: പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ചമുതൽ ഓട്ടോ സ്റ്റാൻഡ് ഇവിടെനിന്ന് ഒഴിപ്പിക്കുകയാണ്. ഇതിന് പിന്നാലെ തങ്ങൾ നട്ടുവളർത്തിയ മാവുകൾക്കും കോടാലി വീഴുമോയെന്നാണ് ഓട്ടോഡ്രൈവർമാരുടെ ആശങ്ക. നട്ടുനനച്ചു വളർത്തിയ തേന്മാവുകൾ തളിരിട്ടു പൂവിട്ട് കായ്ച്ചപ്പോൾ നീലേശ്വരം ബസ് സ്റ്റാൻഡിലെ വി.എസ് ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർമാർക്ക് കണ്ണുനീർ. മൂന്നും നാലും വർഷം പ്രായമെത്തിയ നാല് മാവുകളാണ് ഓട്ടോ സ്റ്റാൻഡിൽ നിറയെ കായ്ച്ചുകിടക്കുന്നത്. സി.പി.എമ്മിനകത്തെ കടുത്ത വിഭാഗീയതക്കിടയിൽ വി.എസ്. അച്യുതാനന്ദന്റെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് വിവാദമായ മുത്തശ്ശിമാവ് ഉണങ്ങിയപ്പോഴാണ് ഓട്ടോ ഡ്രൈവർ ഹരീഷ് കരുവാച്ചേരിയുടെ നേതൃത്വത്തിൽ പരിസരപ്രദേശത്തുനിന്നുതന്നെ ശേഖരിച്ച മാവിന്റെ തൈകൾ ഇവിടെ നട്ടുവളർത്തിയത്. ഇതിന് വെള്ളവും വളവും നൽകി ഓട്ടോഡ്രൈവർമാർ പരിചരിച്ചുവരികയായിരുന്നു.
കടുത്ത വേനൽക്കാലത്തുപോലും ഇവർ മാവുകൾക്ക് ദൂരസ്ഥലങ്ങളിൽനിന്ന് വെള്ളം കൊണ്ടുവന്ന് നനച്ചിരുന്നു. കഴിഞ്ഞവർഷം മാവുകൾ പൂത്തിരുന്നുവെങ്കിലും വേണ്ടത്ര കായ്ച്ചിരുന്നില്ല. എന്നാൽ, ഇത്തവണയാണ് നാലു മാവുകളും നിറയെ കായ്ച്ചത്. പക്ഷേ, ഇവ പഴുക്കുംമുമ്പേ കോടാലി വീഴുന്നതാണ് ഡ്രൈവർമാരെ സങ്കടത്തിലാക്കിയിരിക്കുന്നത്.നീലേശ്വരത്ത് ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയാകുമ്പോൾ മാവുകൾ മുറിക്കേണ്ടിവരുമെന്ന് നഗരസഭ അധികൃതർ ഓട്ടോ ഡ്രൈവർമാരോട് പറഞ്ഞിട്ടുണ്ട്. ഈ മാവുകൾ മുറിക്കുന്നത് ഇവർക്ക് വേദനയുണ്ടാക്കുന്ന കാര്യമാണ്. അതിനാൽ മാവുകളെ നിലനിർത്തി ഷോപ്പിങ് കോംപ്ലക്സ് പണിയണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.