കര കാണാനാവാതെ അഴീത്തലയിലെ മത്സ്യത്തൊഴിലാളികൾ; എന്നുവരും ലൈറ്റ് ഹൗസ്?
text_fieldsനീലേശ്വരം: മത്സ്യത്തൊഴിലാളികൾ നിരന്തരമായി ആവശ്യപ്പെടുന്ന തൈക്കടപ്പുറം അഴിത്തലയിലെ ലൈറ്റ് ഹൗസ് ഇനിയും യാഥാർഥ്യമായില്ല. വർഷങ്ങൾക്ക് മുമ്പ് അഴിത്തലയിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റ് ഇപ്പോൾ പ്രവർത്തിക്കുന്നുമില്ല.
കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ തിരിച്ച് ദിശതെറ്റാതെ വള്ളങ്ങളുമായി കരയിലേക്ക് സഞ്ചരിക്കുന്നതിനാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. എന്നാൽ, ഇതിന്റെ ഉയരക്കുറവും വെളിച്ചക്കുറവും കൊണ്ടാണ് മത്സ്യത്തൊഴിലാളികൾ അഴിത്തലയിൽ ലൈറ്റ് ഹൗസ് സ്ഥാപിക്കണമെന്ന് ഫിഷറീസ് വകുപ്പിനോട് ആവശ്യപ്പെട്ടത്.
അഴിമുഖത്തിലൂടെ പ്രതിദിനം നൂറുകണക്കിന് ബോട്ടുകളും വള്ളങ്ങളും മീൻപിടിക്കാനായി പോകുന്നുണ്ട്. ആഴക്കടലിൽ പോകുന്നവരാണ് കര കൃത്യമായി കാണാതെ ദിശതെറ്റി സഞ്ചരിക്കുന്നത്. ഇതിൽ ഒഴുക്ക് വലക്കാരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. 200 നോട്ടിക്കൽ മൈലിനപ്പുറം കടലിൽ ഒരാഴ്ച വരെ തങ്ങിവരുമ്പോൾ സിഗ്നൽ ലൈറ്റ് ഇല്ലാത്തത് ഇവർക്ക് വലിയ ബുദ്ധിമുട്ടാണ്. ഇങ്ങനെ ദിശയറിയാതെ നിരവധി ബോട്ടുകളും വള്ളങ്ങളും അപകടത്തിൽപെട്ടതായും മത്സ്യത്തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. നീലേശ്വരം നഗരസഭ അധികൃതരും ഫിഷറീസ് വകുപ്പിൽ സമ്മർദംചെലുത്തി ലൈറ്റ് ഹൗസ് സ്ഥാപിക്കാൻ നടപടികൾ എടുക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.