അഴിത്തല ടൂറിസം വില്ലേജ് പദ്ധതി ഫയലിൽ
text_fieldsനീലേശ്വരം: കടലും പുഴയും സംഗമിക്കുന്നതും സഞ്ചാരികളെ ആകർഷിക്കുന്നതുമായ നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം അഴിത്തലയിൽ ആരംഭിക്കാൻ തുടക്കമിട്ട ടൂറിസം വില്ലേജ് പദ്ധതി ഫയലിൽ തന്നെ കിടക്കുന്നു. ടൂറിസം പദ്ധതിക്കായി നീക്കിവെച്ച എട്ടു കോടി രൂപ ബന്ധപ്പെട്ട വകുപ്പിെൻറ കൈയിൽ കിടക്കുന്നു. 2016ലാണ് അഴിത്തല ടൂറിസം പദ്ധതിക്ക് നഗരസഭയുടെ നേതൃത്വത്തിൽ പ്രാരംഭ നടപടികൾ ആരംഭിച്ചത്. തുടർന്ന് ആറു മാസത്തിനുള്ളിൽ പ്രോജക്ട് ലോഞ്ച് ചെയ്യാൻ തീരുമാനിച്ച പ്രകാരം അന്നത്തെ മന്ത്രി കെ.ടി. ജലീലിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
2017 മാർച്ചിൽ അഴിത്തലയിൽ ബീച്ച് ഫെസ്റ്റ് നടത്തുമെന്ന് പറഞ്ഞതും നടപ്പായില്ല. റോഡ് ലൈറ്റിങ്, പാർക്കിങ് സ്ഥലം, ചിൽഡ്രൻസ് പാർക്ക്, ജങ്കാർ സർവിസ്, ആർട്ടിഫിഷൽ പോണ്ട്, അക്വാ പോണ്ടിക്സ്, ഗാർഡൻ ഹാച്ചറി, സൺസെറ്റ് വ്യൂ, എന്നിവയാണ് അഴിത്തലയിൽ ചെയ്യാൻ ഉദ്ദേശിച്ചത്. പ്രദേശവാസികളുടെ സഹകരണത്തോടെ മത്സ്യകാർഷിക മേഖലകളും നടപ്പിലാക്കുമെന്ന് പറഞ്ഞതും കടലാസിൽ മാത്രമായി. അഴിത്തല ടൂറിസത്തിനായി 18 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കാൻ ഉദ്ദേശിച്ചത്. ഇവിടെ ആമയുടെ പ്രസരണകേന്ദ്രമായതുകൊണ്ട് പ്ലാനിൽ മാറ്റംവരുത്താനും തീരുമാനിച്ചിരുന്നു.
ദിവസവും നൂറുകണക്കിന് ആളുകളാണ് അഴിത്തലയുടെ ഭംഗി ആസ്വദിക്കാൻ ഇവിടെ ഒഴുകിയെത്തുന്നത്. തീരസംരക്ഷണത്തിനായി കോസ്റ്റ്ഗാഡ് പൊലീസ് സ്റ്റേഷനും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അഴിത്തലയിൽ എത്തിച്ചേരുന്ന സഞ്ചാരികൾക്കായി നിർമിച്ച ടോയ്ലറ്റ് വർഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. അഴിത്തല ടൂറിസം പദ്ധതി കൂടാതെ പടന്നകാട്ട് തോട്ടത്തിന് സമീപത്ത് പുഴയോര പാർക്കും ഫുഡ് കോർട്ടും സ്ഥാപിക്കുമെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ പ്രഖ്യാപിച്ച പദ്ധതിയും എങ്ങുമെത്തിയില്ല. ഇതിനായി കാർഷിക സർവകലാശാലയുടെ കീഴിലുള്ള 18 ഏക്കർ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതും നടപ്പായില്ല. അഞ്ചു കോടി രൂപയാണ് പടന്നക്കാട് പദ്ധതിക്കായി നീക്കിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.