നാട്ടിപ്പാട്ടിന്റെ ഈണത്തിൽ മെംബറുടെ പാടത്ത് ഞാറുനട്ട് പ്രസിഡന്റ്
text_fieldsനീലേശ്വരം: ബളാൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്റെ ഒരേക്കർ നെൽപാടത്ത് ഞാറുനടാനെത്തി പഞ്ചായത്ത് പ്രസിഡന്റും മെംബർമാരും കുടുംബശ്രീ അംഗങ്ങളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ചേറിലിറങ്ങി ആദ്യ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഴിങ്ങാട്ടെ അബ്ദുൽ ഖാദറിന്റെ പാടമാണ് നാടിന് മാതൃകയായ കൃഷിയിറക്കലിന് വേദിയായത്. നാട്ടിപ്പാട്ടിന്റെ ഈണത്തിൽ എല്ലാവരും ചേർന്ന് ഞാറുനടൽ ആഘോഷമാക്കി. നെൽകൃഷി അന്യംനിന്നുപോകുന്ന മലയോരത്ത് കുടുംബപരമായി ലഭിച്ച നെൽവയലിൽ വർഷങ്ങളായി അബ്ദുൽ ഖാദർ നെൽകൃഷി നടത്തുന്നു. ജനപ്രതിനിധിയായി മാറിയിട്ടും കൃഷിയിൽനിന്ന് വിട്ടുനിൽക്കാൻ നാട്ടുകാരുടെ 'അന്തുക്ക' തയാറായില്ല. ഇത്തവണയും പാരമ്പര്യ കൃഷിരീതികൾ പിന്തുടർന്ന് തന്നെയാണ് കൃഷിയിറക്കുന്നത്. നിലം ഉഴുതുമറിക്കാൻ മാത്രമാണ് യന്ത്രത്തിന്റെ സഹായം തേടിയത്. ഞാറ് നടലും കൊയ്യലും കറ്റമെതിക്കലും എല്ലാം പാരമ്പര്യരീതിയിൽതന്നെ.
ഉമ, ശ്രേയസ്, രക്തസാലി നെൽവിത്തുകൾ ഉപയോഗിച്ചാണ് ഇക്കുറിയും കൃഷിയിറക്കിയിരിക്കുന്നത്. ഞാറ്റടി തയാറാക്കിയാണ് ഞാറുകൾ ഒരുക്കിയത്. ഒരുകാലത്ത് ഹെക്ടർ കണക്കിന് നെൽവയൽ ഉണ്ടായിരുന്ന ബളാൽ പഞ്ചായത്തിൽ ഇപ്പോൾ ബളാൽ ക്ഷേത്രത്തിന്റെ പാടശേഖരത്തും കുഴിങ്ങാടുമാണ് നെൽകൃഷിയുള്ളത്.
മലയോരത്ത് വർഷങ്ങളായി സ്ഥിരം നെൽകൃഷി ചെയ്യുന്ന ഏക കർഷകൻകൂടിയാണ് അബ്ദുൽ ഖാദർ. സഹായത്തിനായി മകൻ ഹൈദറും കൂടെയുണ്ട്. കൃഷിഭവൻ മുഖാന്തരം പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെൽകൃഷിയിറക്കാൻ ധനസഹായം നൽകുന്നുണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ജെ. മാത്യു, മെംബർമാരായ പത്മാവതി, സന്ധ്യശിവൻ, കെ. വിഷ്ണു, ബളാൽ കൃഷി ഓഫിസർ നിഖിൽ നാരായണൻ, കൃഷി അസി. ഓഫിസർ വി. ശ്രീഹരി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് എൽ.കെ. ബഷീർ സി.ഡി.എസ് ചെയർപേഴ്സൻ മേരി ബാബു, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ എന്നിവരെല്ലാം ഞാറ്റുത്സവത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.