ശ്വാസതടസ്സം: കരിന്തളം ഏകലവ്യ സ്കൂളിലെ 19 കുട്ടികൾ ആശുപത്രിയിൽ
text_fieldsനീലേശ്വരം: കിനാനൂർ- കരിന്തളം പഞ്ചായത്തിലെ കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 19 കുട്ടികളെ നിർത്താതെയുള്ള ചുമയും പനിയും ശ്വാസതടസ്സവും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന ബങ്കളം കൂട്ടപുന്നയിലെ വിദ്യാർഥികളെയാണ് നീലേശ്വരം താലൂക്ക് ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചത്. 11 വിദ്യാർഥികളെ താലൂക്ക് ആശുപത്രിയിലും എട്ടുപേരെ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ല ആശുപത്രിയിൽ കഴിയുന്ന രണ്ട് കുട്ടികളെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
കുമ്പള പള്ളിയിലെ കൃഷ്ണെന്റ മകൾ കൃഷ്ണജ (11), കോഴിക്കോട്ടെ സജിൻ (11), കോയിത്തട്ട രാഘവെന്റ മകൻ ശ്രീഹരി (11), കണ്ണൂരിലെ സനീഷിെന്റ മകൾ ശിവാനി (11), കോഴിക്കോട്ടെ സീമന്ത (11) ഉൾപ്പെടെയുള്ളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് കുട്ടികൾക്ക് ചുമ വന്നതാണ് തുടക്കം. പിന്നീട് ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. എന്നാൽ ചൊവ്വാഴ്ച രാത്രി കുട്ടികൾക്ക് ചുമകൂടാതെ പനിയും ശ്വാസതടസ്സവും നേരിട്ടു.
തുടർന്ന് കുറച്ച് കുട്ടികളെ നീലേശ്വരം താലൂക്ക് ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞതോടെ ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സംഘം ആശുപത്രികളിലെത്തി കുട്ടികളെ പരിശോധിച്ചു. ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ രക്തസാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചു.
കടുത്ത ചുമയാണ് ആദ്യ രോഗലക്ഷണമായി കണ്ടത്. കോവിഡല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനമാകാം രോഗകാരണമെന്നാണ് ആരോഗ്യ വകുപ്പിെന്റ പ്രാഥമിക വിലയിരുത്തൽ. ഈ സംഭവത്തെത്തുടർന്ന് ആരോഗ്യ വകുപ്പിെന്റ നേതൃത്വത്തിൽ ഏകലവ്യ സ്കൂളിൽ ഡോക്ടർമാർ നേരിട്ടെത്തി മുഴുവൻ കുട്ടികളെയും പരിശോധനക്ക് വിധേയമാക്കി.
ജില്ല ഓഫിസർ പി. വേണു, ഡോ.വി. ശ്രുതി, ഡോ. സുദേവ്, ട്രൈബൽ അസി.ഡെവലപ്മെന്റ് ഓഫിസർ കെ. മധുസൂദനൻ, ഹെൽത്ത് ഇൻസ്പെക്ടർ എം. ചന്ദ്രൻ, ജെ.എച്ച്.ഐമാരായ കെ. ബാബു, പി.വി. മഹേഷ്, സ്റ്റാഫ് നഴ്സ് കെ. പുഷ്പ, ഗ്ലോറി ജോസഫ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.