കെട്ടിട നിർമാണം മന്ദഗതിയിൽ; നീലേശ്വരം ഗവ.ജി.എൽ.പി സ്കൂൾ ഈ വർഷവും വാടകക്കെട്ടിടത്തിൽ
text_fieldsനീലേശ്വരം: സർക്കാർ സ്കൂൾ പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ. പുതിയ സ്കൂൾ കെട്ടിടം നിർമാണം മന്ദഗതിയിലും. നീലേശ്വരം ഗവ.ജി.എൽ.പി സ്കൂളിലെ കുട്ടികൾക്കാണ് ഈ ദുർഗതി. നീലേശ്വരം നഗരസഭ ഓഫീസിന് തൊട്ടുപിറകിൽ പ്രവർത്തിച്ചിരുന്ന എൽ.പി സ്കൂൾ കെട്ടിടം 2019ലാണ് പൊളിച്ചുനീക്കിയത്.
പകരം സംവിധാനമായി അൽപം അകലെയുള്ള സ്വകാര്യ വ്യക്തിയുടെ രണ്ടുനില കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം മാറ്റി. ഒന്ന് ഓടിച്ചാടി കളിക്കാനോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ കഴിയാതെ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ഈ വാടകക്കെട്ടിടത്തിൽ തിങ്ങിഞെരുങ്ങിയാണ് കുട്ടികൾ പഠിക്കുന്നത്.
2019ൽ സ്കൂൾ കെട്ടിടം പൊളിച്ച് മാറ്റി ജില്ല നിർമിതി കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കാൻ ചുമതല നൽകി. എന്നാൽ, നാലു വർഷമായിട്ടും മൂന്നുനില കെട്ടിടം പൂർത്തിയാക്കാൻ നിർമിതി കേന്ദ്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ലിഫ്റ്റ് സൗകര്യമുള്ള ജില്ലയിലെ ആദ്യത്തെ സ്കൂൾ കെട്ടിടമാണ് അധികൃതരുടെ അനാസ്ഥ മൂലം നീളുന്നത്.
ശാസ്ത്രമേള, കലോത്സവങ്ങൾ, സ്പോർട്സ് എന്നിവയിൽ മുന്നിട്ടുനിൽക്കുന്ന ഈ എൽ.പി സ്കൂളിൽ 310 കുട്ടികൾ ഈ വർഷം പഠിക്കുന്നുണ്ട്. എം. രാജഗോപാലൻ എം.എൽ.എയുടെ ഇടപെടലിൽ സംസ്ഥാന സർക്കാർ 2.95 കോടിയാണ് പുതിയ സ്കൂൾ കെട്ടിട നിർമാണത്തിന് അനുവദിച്ചത്. വർഷം തോറും ലക്ഷക്കണക്കിന് രൂപയാണ് വാടകയിനത്തിൽ നഗരസഭ അധികൃതർക്ക് ചെലവാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.