ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ്; എൻജിനീയറില്ലാത്തതിനാൽ പ്രവൃത്തി നിലച്ചു
text_fieldsനീലേശ്വരം: നീലേശ്വരം നഗരസഭയുടെ സ്വപ്നപദ്ധതിയായ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് നിർമാണപ്രവൃത്തി നിലച്ചു. കെട്ടിടനിർമാണത്തിന് മേൽനോട്ടംവഹിക്കേണ്ട നഗരസഭ മരാമത്ത് അസി. എൻജിനീയർ തസ്തികയിലുള്ള ഉദ്യോഗസ്ഥനില്ലാത്തതാണ് നിർമാണപ്രവൃത്തി നിർത്തിവെക്കാൻ കാരണമായത്.
കരാറുകാരനായ ജോയിയുടെ കീഴിൽ നിർമാണപ്രവൃത്തിയിൽ ഏർപ്പെടുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണ്. നാലു ദിവസമായി നിർമാണപ്രവൃത്തി നടക്കുന്നില്ല. അതുകൊണ്ടുതന്നെ ദുർഗാഷ്ടമി ആലോഷിക്കാൻ തൊഴിലാളികൾ നാട്ടിലേക്ക് പുറപ്പെടാനുള്ള തയാറെടുപ്പിലാണ്. തിങ്കളാഴ്ച കോൺക്രീറ്റ് പ്രവൃത്തി നടന്നില്ലെങ്കിൽ തൊഴിലാളികൾ നാട്ടിലേക്ക് വണ്ടികയറും.
ഇതോടെ നിർമാണപ്രവൃത്തി പൂർണമായും നിലക്കും. നീലേശ്വരം നഗരസഭയിൽ മരാമത്ത് എൻജിനീയർ വിഭാഗത്തിലെ അസി. എൻജിനീയർ റിട്ടയറായിട്ട് മൂന്നുമാസം കഴിഞ്ഞു. പകരം എൻജിനീയർ തസ്തികയിൽ നിയമനം നടന്നില്ല. മൂന്നുപേരെ ഇൻ ചാർജ് എന്നനിലയിൽ നിയമിച്ചെങ്കിലും ആരും ഇതിന് തയാറാകുന്നില്ല. ഒരു എൻജിനീയറുടെ മേൽനോട്ടത്തിൽ മാത്രമേ കെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലികൾ ചെയ്യാൻ കരാറുകാരന് കഴിയുകയുള്ളൂ.
രണ്ടാം നിലയിൽ കോൺക്രീറ്റിനായി എല്ലാ സജീകരണങ്ങളും ഒരുക്കിയിരുന്നു. രണ്ടാമത്തെ നിലയിൽ തൂണുകൾ നിർമിച്ച് പ്ലൈവുഡ് ഷീറ്റിട്ട് കമ്പി കെട്ടിവെച്ചിട്ട് നാലു ദിവസം കഴിഞ്ഞു. കനത്തവെയിലിൽ കമ്പിക്കടിയിലെ ഷീറ്റും റണ്ണറുകളും വളഞ്ഞുപോകാനും സാധ്യതയുണ്ട്. കരാറുകാരന് വൻ സാമ്പത്തികബാധ്യതയും വരും. പ്രശ്നം രൂക്ഷമായപ്പോൾ മുൻ എം.എൽ.എ നീലേശ്വരത്തെ കെ.പി. സതീഷ്ചന്ദ്രൻ ജില്ലതലത്തിൽ ഇടപെട്ടിട്ടും പ്രശ്നപരിഹാരമായില്ല.
ഇതുമൂലം നഗരസഭയുടെ സ്വപ്നപദ്ധതിയാണ് താളംതെറ്റുന്നത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അസി. എൻജിനീയർക്ക് നഗരസഭയുടെ അധിക ചുമതല നൽകി ഉത്തരവിട്ടെങ്കിലും അദ്ദേഹം ചുമതലയേൽക്കാൻ തയാറായില്ല. നഗരസഭയിൽ എ.ഇ ഇല്ലാത്തതിനാൽ മരാമത്ത് പ്രവൃത്തി പൂർണമായും നിലച്ചമട്ടാണ്.
കെട്ടിടനിർമാണ പ്രവൃത്തികൾക്കുള്ള പെർമിറ്റ് അപേക്ഷയും നഗരസഭ ഓഫിസിൽ കെട്ടിക്കിടക്കുന്നുണ്ട്. തിങ്കളാഴ്ച രണ്ടാം നില കോൺക്രീറ്റ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഒരുമാസം കഴിഞ്ഞാലേ പ്രവൃത്തി നടക്കുകയുള്ളൂവെന്നാണ് കരാറുകാരൻ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.