സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തിയതായി അപര സ്ഥാനാർഥി
text_fieldsനീലേശ്വരം: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തനിക്ക് സി.പി.എം നേതാക്കളിൽനിന്ന് വധഭീഷണിയുണ്ടെന്ന് കാസര്‍കോട്ടെ എൽ.ഡി.എഫ് അപര സ്ഥാനാർഥി എന്‍. ബാലകൃഷ്ണന്. ‘ശരീരം സൂക്ഷിച്ചോ, അപകടമാണ്. നിന്റെയൊക്കെ ജീവിതം ഇവിടെ അവസാനിപ്പിക്കുമെന്നും’ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയെന്ന് ബാലകൃഷ്ണന് പറഞ്ഞു. കള്ളനെന്ന് വിളിച്ച് പരസ്യമായി അപമാനിച്ചു.
നീലേശ്വരം വള്ളിക്കുന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൃഷ്ണന്, മുന്‍ ബ്രാഞ്ച് സെക്രട്ടറി സതീശന് എന്നിവരാണ് വധഭീഷണി മുഴക്കിയതെന്നും ബാലകൃഷ്ണന് പറയുന്നു. കണ്ണൂർ ചെറുതാഴം സ്വദേശിയായ ബാലകൃഷ്ണൻ വർഷങ്ങളായി നീലേശ്വരം വളളിക്കുന്ന് തിരിക്കുന്നിലാണ് കുടുംബസമേതം താമസിക്കുന്നത്.
‘1977 മുതൽ 2024വരെ ഞാൻ കമ്യൂണിസ്റ്റായിരുന്നു. പാർട്ടിയെ അമ്മയെ പോലെയായിരുന്നു കരുതിയത്. 1988 മുതൽ സി.പി.എമ്മിനുള്ളിലെ അഴിമതിക്കെതിരെ പോരാടുന്ന ആളാണ് ഞാൻ. ഒരു പാർട്ടി നേതാവിന്റെ മകന്റെ പേരിലുളള മോഷണക്കേസുമായി ബന്ധപ്പെട്ട് ശബ്ദമുയർത്തിയതിന്റെ പേരിൽ എന്നെ ആറു മാസത്തേക്ക് അന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിക്കുളളിലെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തവണത്തെ സ്ഥാനാര്‍ഥിത്വം.
നോമിനേഷൻ കൊടുത്തശേഷം പിൻവലിക്കാൻ വലിയ സമ്മർദമാണ് പാർട്ടിയിൽനിന്നുണ്ടായത്. നീലേശ്വരത്ത് വീടിനടുത്താണ് പാർട്ടി പ്രാദേശിക നേതാക്കളിൽനിന്ന് ഭീഷണിയുണ്ടായത്. പരസ്യമായി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നും സി.പി.എമ്മിന്റെ മുന്‍ നേതാവായിരുന്ന ബാലകൃഷ്ണന് പറഞ്ഞു.
എന്നാൽ, രേഖാമൂലം ജില്ല കലക്ടർക്കോ നീലേശ്വരം പൊലീസിനോ ബാലകൃഷ്ണൻ പരാതി നൽകിയിട്ടില്ല. 2002 മുതൽ 2010വരെ നീലേശ്വരത്തെ സ്വകാര്യ കോളജിൽ അധ്യാപകനായിരുന്നു. കൂടാതെ രാജസ്ഥാൻ, ആന്ധ്രപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ സ്വകാര്യ കോളജിൽ അധ്യാപകജോലി ചെയ്തിരുന്നു.
കണ്ണൂർ -കാസർകോട് ജില്ലകളിൽ സ്വകാര്യ കോളജിൽ അധ്യാപകജോലി ചെയ്തപ്പോൾ 31,000 ശിഷ്യഗണങ്ങൾ ഉണ്ടെന്നും ഇവർ തനിക്ക് വോട്ട് ചെയ്യുമെന്നും ബാലകൃഷ്ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 1977ൽ പാർട്ടി മെംബറായ ഞാൻ ഇന്നും കമ്യൂണിസ്റ്റുകാരനായാണ് ജീവിക്കുന്നതെന്നും ലോക്സഭ സ്ഥാനാർഥിയായ ഞാൻ രേഖാമൂലം പരാതി നൽകിയാൽ മിനിറ്റുകൾക്കുള്ളിൽ ഭീഷണിപ്പെടുത്തിയയാളെ ജാമ്യംവരെ ലഭിക്കാതെ ജയിലിൽ വിടാൻ അറിയാമെന്നും ബാലകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.