ചെണ്ടുമല്ലി പൂ കണ്ടാൽ...
text_fieldsനീലേശ്വരം: ചെണ്ടുമല്ലി പൂ കണ്ടാൽ ചന്തമില്ലെ കരളേ... എന്ന മനോഹര ഗാനത്തിന്റെ സംഗീതം പോലെയാണ് ഈ പൂക്കളും രാഹുലും തമ്മിലുള്ള ബന്ധം. പാട്ടത്തിനെടുത്ത അര ഏക്കർ സ്ഥലത്ത് വിരിഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിത്തോട്ടം ഏതൊരാൾക്കും കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്. കോടോം ബേളൂർ പഞ്ചായത്തിലെ കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ യുവകർഷകനായ രാഹുൽ രവീന്ദ്രന്റെ (30) ചെണ്ടുമല്ലിപ്പാടത്തെ വിളവെടുപ്പ് ആരംഭിച്ചു.
വെബ് സൈറ്റ് ഡെവലപ്പറായി ജോലിചെയ്യുന്ന രാഹുൽ ചെറുപ്രായത്തിൽതന്നെ കൃഷിയോട് താൽപര്യമുള്ളയാളാണ്. ഹൈടെക് രീതിയിൽ പയർ, ചീര, മത്തൻ, തുടങ്ങിയ കൃഷിയും ഇതിനോടൊപ്പം ചെയ്യുന്നുണ്ട്. മനസ്സിനും കണ്ണിനും കുളിരേകുന്ന ചെണ്ടു മല്ലിപ്പൂക്കൾ കൃഷിചെയ്ത് ഓണവിപണിയും ലക്ഷ്യമിടുന്നുണ്ട്. ഓറഞ്ചിലും മഞ്ഞയിലുമുള്ള ചെണ്ടുമല്ലി പാടത്ത് ഫോട്ടോഗ്രാഫർമാരും നവദമ്പതികളെ എത്തിച്ച് ഷൂട്ട് ചെയ്യാനുമെത്തുന്നുണ്ട്.
രണ്ട് തവണ മല്ലിക കൃഷിയിൽ സംഭവിച്ച നഷ്ടം മൂന്നാമത്തെ കൃഷിയിൽ നികത്താനുള്ള ശ്രമത്തിലാണ് രാഹുൽ. കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ ചെത്തുതൊഴിലാളി രവീന്ദ്രന്റെയും തയ്യൽ തൊഴിലാളി വത്സലയുടെയും മകനാണ് രാഹുല്‍. വീടിനടുത്തുള്ള ഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറികളടക്കമുള്ളവ കൃഷി ചെയ്യുന്നുണ്ട്. മനോഹരമായ ചെണ്ടുമല്ലിപ്പാടം കാണാനും ആളുകൾ എത്തിച്ചേരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.