മുഖ്യമന്ത്രിയുടെ ജനസേവന പൊലീസ് മെഡൽ പ്രദീപൻ കോതോളിക്ക്
text_fieldsനീലേശ്വരം: മികച്ച ജനകീയ സേവനങ്ങൾക്ക് മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ച നീലേശ്വരം ജനമൈത്രി പൊലീസ് ഓഫിസർ പ്രദിപൻ കോതോളിക്ക് ലഭിച്ചത് അർഹതക്കുള്ള അംഗീകാരം.
പൊതുജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്ന പൊലീസ് കർത്തവ്യം നിർവഹിക്കുന്നതിനിടയിലും ഏറ്റെടുത്തു നടത്തുന്ന പ്രവർത്തനങ്ങൾ പൊതുജനങ്ങളുമായി കൂടുതൽ ആരോഗ്യകരമായ ബന്ധം ഉടലെടുക്കുവാൻ സാധിച്ചു. ചന്തേര പൊലീസ് സ്റ്റേഷനിൽ ജോലിചെയ്യുന്ന സമയത്ത് മാണിയാട്ട് സർക്കാർ ആശുപത്രിയിൽ കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും ഞായറാഴ്ചകളിൽ സ്റ്റേഷനിൽ ‘താലോലം’ ചൈൽഡ് ക്ലിനിക് സ്ഥാപിച്ചു. ഇപ്പോൾ സേവനം നടത്തുന്ന നീലേശ്വരത്ത് നിരാലംബരായ തെരുവിൽ കഴിയുന്ന നിരവധി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചും വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും നൽകിയും പ്രവർത്തന മേഖലയിൽ വേറിട്ടുനിൽക്കുന്നു.
കോളനികളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകുന്നതിന് നേതൃത്വം നൽകുന്നുണ്ട്. കുട്ടികൾക്കും യുവതീ യുവാക്കൾക്കും മോട്ടിവേഷൻ ക്ലാസുകൾ, രക്തദാന ക്യാമ്പുകൾ, വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ചു. മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം കുട്ടികളിൽ തടയാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും നിരവധി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകി. 2020ലെ ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണറിനും ജില്ല പൊലീസ് മേധാവിയുടെ പ്രശംസപത്രങ്ങൾക്കും അർഹനായിട്ടുണ്ട്. ചെറുവത്തൂർ കെ.വി.ആർ ക്ലിനിക്കിൽ നഴ്സിങ് അസിസ്റ്റന്റ് പി. ഗീതയാണ് ഭാര്യ. മംഗളൂരു ശ്രീദേവി കോളജിലെ ബി.ടെക്ക് വിദ്യാർഥി അതുൽ, പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അജിന പ്രദീപൻ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.