വാതകശ്മശാനം തുറക്കാതെ നഗരസഭ
text_fieldsനീലേശ്വരം: നീലേശ്വരം റോട്ടറി ക്ലബിന്റെ സഹായത്തോടെ നീലേശ്വരം നഗരസഭ ചിറപ്പുറത്ത് ആരംഭിച്ച ആധുനിക വാതക ശ്മശാനത്തിന്റെ നിർമാണം മൂന്നുവർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല.
80 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന ശ്മശാനത്തിൽ 25 ലക്ഷം നീലേശ്വരം റോട്ടറി ക്ലബും 16 ലക്ഷം രൂപ ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ സി.എസ്.ആർ ഫണ്ടും ഉപയോഗിച്ചാണ് പണിതത്.
ഇതിലേക്കാവശ്യമായ ബർണറടക്കുള്ള ഉപകരണങ്ങൾ ഒരുവർഷം മുമ്പുതന്നെ റോട്ടറി ക്ലബ് സ്ഥാപിച്ചെങ്കിലും അതിപ്പോൾ തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങി. ശ്മശാനത്തിന്റെ പണി ആരംഭിച്ചതിനുശേഷം റോട്ടറി ക്ലബിന്റെ മൂന്നു ഭരണസമിതി മാറുകയും ചെയ്തു. റോട്ടറി ക്ലബ് ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയോട് നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കമ്പനി ഫണ്ട് അനുവദിച്ചത്.
ശ്മശാനം തുറന്നുകൊടുക്കാത്തതിനെ തുടർന്ന് അവർ റോട്ടറി ക്ലബിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. റോട്ടറി ക്ലബിന്റെ മേൽഘടകവും ഉദ്ഘാടനം നീണ്ടുപോകുന്നതിൽ നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയാണ് തുടർന്നു പോകുന്നതെങ്കിൽ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകാൻ കഴിയില്ലെന്ന നിലപാടാണ് ക്ലബിന്റെ മേൽഘടകത്തിനുള്ളത്.
ഒരുവർഷം മുമ്പുതന്നെ റോട്ടറി ക്ലബ് തങ്ങളുടെ പ്രവൃത്തികൾ പൂർത്തീകരിച്ച് നഗരസഭക്ക് കൈമാറിയിരുന്നു. ഇനി ചുറ്റുമതിൽ, ഗേറ്റ്, ഉദ്യാനം തുടങ്ങി ചെറിയ ജോലികൾ മാത്രമേ ബാക്കിയുള്ളൂ. ഇതാണ് ഉദ്ഘാടനം നീണ്ടുപോകാൻ കാരണമത്രെ.
ശ്മശാനം ഉദ്ഘാടനം ചെയ്യുന്നതോടെ നീലേശ്വരം നഗരസഭ കൂടാതെ, കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ പഞ്ചായത്ത് എന്നിവിടങ്ങളിലുള്ള സംസ്കാരം നടത്താൻ എളുപ്പമാകും.
ഇവിടെ നേരത്തെ നീലേശ്വരം നഗരസഭയുടെ പൊതുശ്മശാനമാണ് ഉണ്ടായിരുന്നത്. ഇത് നാട്ടുകാർക്കെല്ലാം ഏറെ ഗുണകരമായിരുന്നു. ആധുനിക ശ്മശാനം നിർമിക്കാൻ തുടങ്ങിയതോടെ ഇവിടെയുള്ള സംസ്കാരം നിർത്തിയത് ആളുകൾക്ക് പ്രയാസമായി മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.