തോളേനിയിലെ ഓടു നിർമാണ ഫാക്ടറി: ഫാക്ടറിയുമില്ല, ഇന്റർലോക്കുമില്ല; 24 ലക്ഷം കടബാധ്യത മാത്രം
text_fieldsനീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ തോളേനിയിൽ ഓടു നിർമാണ ഫാക്ടറി തുടങ്ങാൻ പദ്ധതിയിട്ട് 42 വർഷം കഴിഞ്ഞു. ഓടു നിർമാണം നടന്നില്ലെങ്കിലും അവശേഷിക്കുന്ന ഒരടയാളമായി ഒരു പുകക്കുഴൽ മാത്രം ബാക്കിയായി.
1982ലാണ് കരിന്തളം തോളേനി മുത്തപ്പൻ ക്ഷേത്രത്തിന് എതിർവശത്തുള്ള രണ്ടേക്കർ സ്ഥലം വിലക്ക് വാങ്ങി ഓടു നിർമാണ ഫാക്ടറി പദ്ധതിക്ക് തുടക്കമിട്ടത്. കേരള ഖാദി ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് കമ്പനി തുടങ്ങാൻ ലക്ഷ്യമിട്ടത്. ഇതിനായി ഖാദി ബോർഡ് വായ്പയും അനുവദിച്ചിരുന്നു. പിന്നീട് ഖാദി ബോർഡ് വകുപ്പ് അധികൃതരുടെ പിടിപ്പുകേടുകൊണ്ട് പദ്ധതി പാളിപ്പോവുകയായിരുന്നു. കമ്പനി പ്രവർത്തനം തുടങ്ങാത്തതിനാൽ എടുത്ത കടം തിരിച്ചടക്കാതെ ഇപ്പോൾ 24 ലക്ഷം കടബാധ്യതയുമായി.
വർഷങ്ങൾ കഴിഞ്ഞിട്ടും ഓടു നിർമാണം നടക്കാത്തതിനാൽ ഇന്റർലോക്ക് നിർമാണ ഫാക്ടറി തുടങ്ങാൻ പ്രോജക്ട് റിപ്പോർട്ട് നൽകി. എന്നാൽ, ഖാദി ബോർഡിന്റെ അംഗീകാരം ലഭിച്ചില്ല. ഈ അടുത്തകാലത്ത് മറ്റൊരു പ്രോജക്ട് തുടങ്ങാൻ 80 ലക്ഷം രൂപയുടെ പ്രപ്പോസൽ തയാറാക്കിക്കൊടുത്തെങ്കിലും കഴിഞ്ഞ ആറു മാസമായി അത് ഫയലിൽ കിടക്കുകയാണ്.
നാട്ടിലെ സാധാരണക്കാരിൽനിന്ന് ഷെയർ പിരിച്ചാണ് എല്ലാ പദ്ധതിക്കും തുടക്കമിട്ടത്. എന്നാൽ, സ്ഥലവും പുകക്കുഴലും ഇപ്പോൾ കാടുപിടിച്ച് കിടക്കുകയാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലം സർക്കാറിന് വിട്ടുകൊടുത്താൽ ഏതെങ്കിലും സ്ഥാപനം വരുമെന്നാണ് നാട്ടുകാർ കരുതുന്നത്. കിനാനൂർ കരിന്തളം പഞ്ചായത്തധികൃതർ രണ്ട് ഏക്കർ സ്ഥലം വിറ്റ് കടം തീർക്കാനുള്ള അനുമതി ചോദിച്ചെങ്കിലും അതിനും ഖാദി ബോർഡ് അനുമതി നൽകിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.