തീരദേശ പൊലീസ് സ്റ്റേഷൻ: ബോർഡിൽ തൃക്കരിപ്പൂർ; പ്രവർത്തിക്കുന്നത് നീലേശ്വരം അഴിത്തലയിൽ
text_fieldsനീലേശ്വരം:നഗരസഭയിലെ 25-ാം വാർഡായ തൈക്കടപ്പറം സൗത്തിലെ അഴിത്തലയിൽ പ്രവർത്തിക്കുന്ന തീരദേശ പൊലീസ് സ്റ്റേഷന്റെ പേര് ഇപ്പോഴും തൃക്കരിപ്പൂർ പൊലീസ് സ്റ്റേഷൻ. മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്ക് പ്രധാന പരിഗണന നല്കുന്നതിനുവേണ്ടി അഞ്ചു വർഷം മുമ്പാണ് തൈക്കടപ്പുറം അഴിത്തലയിൽ തീരദേശ പൊലീസ് സ്റ്റേഷൻ ആരംഭിച്ചത്.
ഉദ്ഘാടന സമയത്ത് ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുമുണ്ടായ പിഴവ് അന്നത്തെ നീലേശ്വരം നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജന് ചൂണ്ടിക്കാട്ടുകയും ഇത് നീലേശ്വരം തീരദേശ പൊലീസ് സ്റ്റേഷൻ എന്നാക്കി തിരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും ഈ വിഷയം സ്ഥലം എം. രാജഗോപാലൻ എം.എൽ.എയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു.
എന്നാൽ, വർഷം അഞ്ചു കഴിഞ്ഞെങ്കിലും സ്ഥലപ്പേര് തിരുത്താൻ ഇതുവരെ ആഭ്യന്തര വകുപ്പ് തയാറായില്ല. നീലേശ്വരത്തുനിന്ന് അരമണിക്കൂർ സഞ്ചരിച്ചാൽ മാത്രമാണ് തൃക്കരിപ്പൂരിൽ എത്താൻ കഴിയുക. ദൂരെ സ്ഥലങ്ങളിൽനിന്ന് അഴിത്തല പൊലീസ് സ്റ്റേഷനിലേക്ക് വരുന്നവർ തൃക്കരിപ്പൂരിലെത്തി സ്റ്റേഷൻ കാണാൻ കഴിയാതെ നട്ടംതിരിയുന്ന അവസ്ഥയാണ്.
ദൂരസ്ഥലങ്ങളിൽനിന്ന് വരുന്ന പൊലീസ് ഉദ്യോഗസ്ഥരും തൃക്കരിപ്പൂരിൽ സ്റ്റേഷൻ കണ്ടെത്താൻ കഴിയാതെ ഏറെ വിഷമിക്കുന്നുണ്ട്. നീലേശ്വരം നഗരപരിധിയിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷന് തൃക്കരിപ്പൂർ പൊലീസ് സ്റ്റേഷൻ എന്നാക്കിയതിലെ പിഴവ് പലരും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും അധികാരികൾ തിരുത്തുന്നില്ല.കേരളത്തിൽ അഴിത്തല പൊലീസ് സ്റ്റേഷന് മാത്രമാണ് ഈ ദുർവിധി.
ആഭ്യന്തര വകുപ്പിനുണ്ടായ തെറ്റ് ചൂണ്ടിക്കാട്ടാൻ നീലേശ്വരം നഗരസഭ മുന്നോട്ട് വരണമെന്ന ആവശ്യം ശക്തമായി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും കടലിൽ നടക്കുന്ന കുറ്റകൃത്യങ്ങളും കണ്ട് പിടിക്കാനാണ് പ്രധാനമായും കടലോരത്ത് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
ഇന്ത്യന്‍ നാവികസേനയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഉണ്ടെങ്കിലും കൂടുതൽ ജാഗ്രതക്കായാണ് തീരദേശ പൊലീസ് സംവിധാനം സർക്കാർ ആരംഭിച്ചത്. തീരത്തുനിന്ന് 20 കിലോമീറ്റര്‍ വരെ കടല്‍ സംസ്ഥാന സര്‍ക്കാറിന്റെ പരിധിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.