നഗരസഭക്കെതിരെ ഫേസ്ബുക് പോസ്റ്റിട്ട അധ്യാപകനെതിരെ പരാതി നൽകാൻ നീക്കം
text_fieldsനീലേശ്വരം: നഗരസഭ ബസ് സ്റ്റാൻഡിലെ ശൗചാലയത്തിന്റെ ശോച്യാവസ്ഥക്കെതിരെ നവമാധ്യമങ്ങളിൽ പോസ്റ്റിട്ട അധ്യാപകനും പ്രഭാഷകനുമായ വൽസൻ പിലിക്കോടിനെതിരെ കേസ് ഫയൽ ചെയ്യാനും മന്ത്രിമാർക്ക് പരാതി അയക്കാനും തീരുമാനിച്ചതായി നഗരസഭ കൗൺസിൽ യോഗത്തിൽ അധ്യക്ഷ ടി.വി. ശാന്ത അറിയിച്ചു.
വനിത ദിനത്തിൽ നഗരസഭ അധ്യക്ഷ ടി.വി. ശാന്തയേയും വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫിയെയും അവഹേളിച്ചത് അംഗീകരിക്കാനാവില്ലെന്നുമാണ് നഗരസഭയുടെ നിലപാട്. നഗരസഭ ബസ് സ്റ്റാൻഡിലെ ശോച്യാവസ്ഥയും വൈകീട്ട് അഞ്ച് മണിക്ക് അടച്ച് പൂട്ടുകയും ചെയ്യുന്നതിനെതിരെയായിരുന്നു വൽസൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടത്.
മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ജില്ല കലക്ടർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് അധ്യാപകനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി.
വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫിയെ വ്യക്തിപരമായി പോസ്റ്റിൽ അപമാനിച്ചതിന് നോട്ടീസ് അയക്കാനും തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് ഇ. ഷജീർ പ്രശ്നം കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇത്തരമൊരു പോസ്റ്റിടാൻ നഗരസഭയാണ് അവസരമൊരുക്കി കൊടുത്തതെന്ന് ഷജീർ യോഗത്തിൽ ചൂണ്ടിക്കാട്ടി. കേസ് ഫയൽ ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഇ. ഷജീറും പറഞ്ഞു.
ഭരണപക്ഷ അംഗങ്ങളായ ദാക്ഷായണി കുഞ്ഞിക്കണ്ണൻ, ടി.പി. ലത, പ്രതിപക്ഷത്തെ വിനു നിലാവ്, റഫീക്ക് കോട്ടപുറം എന്നിവർ കേസ് ഫയൽ ചെയ്യണമെന്ന അഭിപ്രായത്തെ എതിർത്തു. വൽസൻ പിലിക്കോട് സി.പി.ഐ സഹയാത്രികനും കുട്ടമത്ത് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.