പുഴ നികത്തി കണ്ടൽ കാട് നശിപ്പിച്ച് കൊയാമ്പുറത്ത് പാർക്ക് നിർമാണം
text_fieldsനീലേശ്വരം: നഗരസഭയിലെ ഇരുപതാം വാർഡായ കൊയാമ്പുറത്ത് നിർമിക്കുന്ന പാർക്കിങ്ങിനെതിരെ സമീപവാസിയായ കുടുംബം പരാതിയുമായി രംഗത്ത്. കൊയാമ്പുറം കുറ്റിക്കടവിനുസമീപം പുഴയോരത്താണ് അബൂബക്കർ കല്ലായി സ്ഥലം പാട്ടത്തിനെടുത്ത് പാർക്ക് നിർമിക്കുന്നത്.
പുഴ നികത്തിയും കണ്ടൽകാടുകൾ നശിപ്പിച്ചും വീട്ടിലേക്കുള്ള വഴി തടസ്സെപ്പടുത്തിയുമാണ് പാർക്ക് നിർമിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. കൊയാമ്പുറത്തെ പരേതനായ കുഞ്ഞമ്പാടിയുടെ മകൻ ടി. വിനോദാണ് പരാതിക്കാരൻ. നീലേശ്വരം വില്ലേജ് ഓഫിസർ, നഗരസഭ സെക്രട്ടറി, നഗരസഭ ചെയർപേഴ്സൻ എന്നിവർക്കാണ് ടി. വിനോദ് പരാതി നൽകിയത്.
കാർഷിക ഫാം തൊഴിലാളിയായ താൻ 25 വർഷത്തിലധിമായി ഉപയോഗിച്ചിരുന്ന വഴി പാർക്ക് നിർമാണം മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. ചതുപ്പുസ്ഥലം നികത്തിയും കണ്ടൽകാടുകൾ വെട്ടിമാറ്റിയുമാണ് പാർക്കിലേക്ക് റോഡ് നിർമിച്ചിരിക്കുന്നത്.
പുഴ നികത്തിയശേഷം അനധികൃതമായി മതിൽകെട്ടിയ നിലയിലാണെന്നും പരാതിയിൽ പറയുന്നു. മഴക്കാലത്ത് പൂർണമായും വെള്ളംകെട്ടി നിൽക്കുന്ന സ്ഥലത്താണ് പാർക്ക് നിർമാണം നടക്കുന്നത്. നിർമാണം അനധികൃതമായിട്ടാണെന്നും ഇത് തടയുന്നതിനാവശ്യമായ നടപടികൾ എടുക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.