സി.പി.എം നേതാവിന്റെ മകന്റെ ഷെഡ് നിർമാണം; കൗൺസിലിൽ പ്രതിഷേധം
text_fieldsനീലേശ്വരം: സി.പി.എം നേതാവിന്റെ മകന്റെ അനധികൃത നിർമാണം നിർത്തിവെക്കണമെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ്. സി.പി.എം നീലേശ്വരം ഏരിയ മുൻ സെക്രട്ടറി കരുവക്കാൽ ദാമോദരന്റെ മകൻ അനൂപിന്റെ ഉടമസ്ഥതയിൽ പേരോലിൽ നിർമിക്കുന്ന അനധികൃത ഷെഡ് നിർമാണത്തിനെതിരെയാണ് പരാതി. നിർമാണം നിർത്തിവെച്ച് വിഷയം ചർച്ചചെയ്യണമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഇ. ഷജീർ നീലേശ്വരം നഗരസഭ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഉച്ചക്ക് ചേർന്ന കൗൺസിൽ യോഗത്തിലാണ് വിഷയം ചർച്ചക്കു വന്നത്. ജൂൺ 27ന് നഗരസഭ സെക്രട്ടറി അനധികൃത നിർമാണത്തിനെതിരെ സ്റ്റോപ് മെമ്മോ കൊടുത്തിരുന്നു. ഇത് വകവെക്കാതെ ഉടമ നിർമാണം തുടരുകയായിരുന്നു. കെട്ടിടം പൊളിക്കാൻ നോട്ടീസ് കൊടുത്തിട്ടും നിർമാണം തുടരുകയാണെന്ന് നഗരസഭ സെക്രട്ടറി കെ. മനോജ് കുമാർ കൗൺസിലിൽ മറുപടി പറഞ്ഞു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ നഗരസഭയുടെ പല ഭാഗത്തും നടക്കാൻ സാധ്യതയുള്ള അനധികൃത നിർമാണങ്ങൾ, ഇതു തടയാൻ ബാധ്യസ്ഥരായ നഗരസഭ നോക്കിനിൽക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും ഷജീർ പറഞ്ഞു.
പി.ഡബ്ല്യു.ഒ ജൂൺ 25ന് നൽകിയ സ്ഥലപരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ സെക്രട്ടറി, ഉടമ അനൂപിന് സ്റ്റോപ് മെമ്മോ നൽകിയത്. പേരാൽ കിള റോഡിൽനിന്ന് മൂന്നുമീറ്റർ അകലം പാലിക്കാതെയും നഗരസഭയുടെ അനുമതിയില്ലാതെയും നടന്നുവരുന്ന അനധികൃത നിർമാണമാണിതെന്ന് സ്റ്റോപ് മെമ്മോയിൽ അറിയിച്ചിരുന്നു. കേരള മുനിസിപ്പാലിറ്റി ആക്ടിന് വിരുദ്ധമായി നടത്തുന്ന നിർമാണം ഉടൻ നിർത്തണമെന്നും ആക്ട് പ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന അറിയിപ്പും സ്റ്റോപ് മെമ്മോയിൽ നൽകിയിട്ടും ഗൗനിക്കാതെ നിർമാണവുമായി മുന്നോട്ടുപോവുകയായിരുന്നു.
തുടർന്നാണ് പൊളിക്കൽ നോട്ടീസ് നൽകിയതെന്നും സെക്രട്ടറി കൗൺസിലിനെ അറിയിച്ചു. അങ്ങനെയെങ്കിൽ അനധികൃത നിർമാണം ഉടൻ പൊളിച്ചുനീക്കേണ്ടതുണ്ടെന്ന് ചെയർപേഴ്സൻ ടി.വി. ശാന്ത പറഞ്ഞു. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, കെ.വി. ശശികുമാർ, പി.കെ. ലത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.