കണിച്ചിറയിൽ സി.പി.എം-കോൺഗ്രസ് സംഘർഷം; ഏഴുപേർക്കെതിരെ കേസ്
text_fieldsനീലേശ്വരം: കണിച്ചിറയിൽ സി.പി.എം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഇരുവിഭാഗത്തിലുംപെട്ട ഏഴുപേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കണിച്ചിറയിൽ സി.പി.എം ബ്രാഞ്ച് ഓഫിസ് സ്ഥിതിചെയ്യുന്ന ഇ.എം.എസ് സ്മാരക മന്ദിരം ആൻഡ് തൊഴിലാളി വായനശാലക്കുനേരെ നടന്ന അക്രമമാണ് സംഘർഷത്തിൽ കലാശിച്ചത്.
കോണ്‍ഗ്രസ് പ്രവര്ത്തകന് തൈക്കടപ്പുറം ബോട്ടുജെട്ടിക്ക് സമീപത്തെ മഹേന്ദ്രന് വാഴവളപ്പിലിനാണ് (41) ആക്രമണത്തില്‍ പരിക്കേറ്റത്. യൂത്ത് കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം കമ്മിറ്റി തൈക്കടപ്പുറത്തുനിന്ന് നീലേശ്വരത്തേക്ക് നടത്തിയ പദയാത്രക്കിടയിലാണ് ആക്രമണമുണ്ടായത്.
ജാഥ സി.പി.എം ഓഫിസിന് മുന്നിലെത്തിയപ്പോള്‍ ഒരുസംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫിസിനകത്തേക്ക് പാഞ്ഞുകയറി ഫർണിച്ചറുകളും കൊടിയും മറ്റും നശിപ്പിക്കുകയായിരുന്നു. ജാഥ കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ കൊട്ടറ കോളനി പരിസരത്തുവെച്ച് പതിനഞ്ചോളം സി.പി.എം പ്രവര്‍ത്തകര്‍ മഹേന്ദ്രനെ തടഞ്ഞുനിര്‍ത്തി അടിച്ച് പരിക്കേല്പിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. നെറ്റിയിലും മുഖത്തും പരിക്കേറ്റ മഹേന്ദ്രനെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കണിച്ചിറയിലും പരിസരത്തും സംഘര്‍ഷമുണ്ടാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് സി.പി.എം നീലേശ്വരം ഏരിയ കമ്മിറ്റി അംഗവും നീലേശ്വരം മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായ പി.പി. മുഹമ്മദ് റാഫി ആരോപിച്ചു.
ജാഥയിലുണ്ടായിരുന്ന ഒരുസംഘം ആളുകള്‍ ഓഫിസിലെ ഫർണിച്ചറുകള്‍ അടിച്ചുതകര്‍ക്കുകയും കൊടികളും മറ്റും വലിച്ചുകീറുകയും ചെയ്യുകയായിരുന്നുവെന്ന് റാഫി പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെ സി.പി.എം പ്രവർത്തകർ കരുതിക്കൂട്ടി ആക്രമണം നടത്തുകയായിരുന്നുവെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി. രാമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.