ദേശീയപാതക്ക് കെട്ടിടം പൊളിക്കൽ: നഗരസഭയും ദേശീയപാത അധികൃതരും തമ്മിൽ തർക്കം
text_fieldsനീലേശ്വരം: ദേശീയപാത വികസനത്തിന് മാർക്കറ്റ് റോഡിലെ ഒട്ടുമിക്ക കെട്ടിടങ്ങളും പൊളിച്ചുനീക്കിയപ്പോൾ നഗരസഭയുടെ അധീനതയിലുള്ള കല്യാണമണ്ഡപം കം ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം ഇതുവരെയായി പൊളിച്ചില്ല. നീലേശ്വരം പഞ്ചായത്തായിരിക്കുമ്പോഴാണ് മാർക്കറ്റ് റോഡിൽ 13 സെൻറ് സ്ഥലത്ത് താഴത്തെ നിലയിൽ കച്ചവടമുറികളും മുകളിൽ കല്യാണമണ്ഡപവും പണിതത്.
ആദ്യമൊക്കെ ഇവിടെ വിവാഹങ്ങൾ നടന്നിരുന്നുവെങ്കിലും പുതിയ ഓഡിറ്റോറിയങ്ങൾ തുറന്നതോടെയും ഭക്ഷണം പാകം ചെയ്യാനും കൂടുതൽ പേർക്കിരിക്കാൻ സൗകര്യവുമില്ലാതായതിനാലും ഇവിടെ വിവാഹം നടക്കാതായി. കുറച്ചുവർഷമായി ഹൗസിങ് ബോർഡിെൻറ ഓഫിസും സഹകരണ സൊസൈറ്റിയും പ്രവർത്തിച്ചതല്ലാതെ മറ്റു കാര്യമായ വരുമാനം നഗരസഭക്ക് കിട്ടുകയുണ്ടായില്ല. ഇപ്പോൾ താഴത്തെ നിലയിൽ കുറച്ച് കച്ചവടമുറികൾ മാത്രമേ പ്രവർത്തിക്കുന്നുള്ളു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കല്യാണമണ്ഡപം ഒഴിഞ്ഞുതരണമെന്നാവശ്യപ്പെട്ട് ദേശീയപാത അധികൃതർ നഗരസഭക്ക് കത്ത് നൽകുകയുണ്ടായി. ഇതിന് മറുപടിയായി നഗരസഭാധികൃതർ ദേശീയപാത അധികൃതരോട് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടു.
എന്നാൽ, കെട്ടിടം ഉൾക്കൊള്ളുന്ന സ്ഥലം സർക്കാറിെൻറയും കെട്ടിടം നഗരസഭയുടേതുമാണ്. ഇപ്പോൾ കെട്ടിടത്തിെൻറ വില കണക്കാക്കിയ 50 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് നഗരസഭ.
കെട്ടിടത്തിൽനിന്ന് നല്ലൊരു തുക വാടകയിനത്തിൽ ഇപ്പോൾ നഗരസഭക്ക് കിട്ടുന്നുമുണ്ട്. ഇപ്പോൾ നഗരസഭ, കെട്ടിടത്തിന് നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് എം. രാജഗോപാലൻ എം.എൽ.എ മുഖേന മുഖ്യമന്ത്രിക്കും മറ്റും പരാതി നൽകിയിരിക്കുകയാണ്. മാർക്കറ്റ് റോഡിലെ മറ്റു കെട്ടിടങ്ങളെല്ലാം പൊളിച്ചുനീക്കിയപ്പോൾ തർക്കത്തിന്റെ പേരിൽ കല്യാണമണ്ഡപം മാത്രം പൊളിക്കാതെ കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.