എവിടെ ജില്ലക്ക് അനുവദിച്ച ദുരന്തനിവാരണ സേന കേന്ദ്രം?
text_fieldsനീലേശ്വരം: പ്രളയവും ഉരുൾപൊട്ടലും കടൽക്ഷോഭവും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നതിനുവേണ്ടി ജില്ലക്കനുവദിച്ച ദുരന്തനിവാരണ സേന കേന്ദ്രം കടലാസിലൊതുങ്ങി. കേന്ദ്രത്തിന് നീലേശ്വരത്തായിരുന്നു സ്ഥലം കണ്ടെത്തിയത്. നീലേശ്വരം പാലത്തടം പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിന് എതിർവശത്തുള്ള ഭൂമി ഇതിനായി കണ്ടെത്തിയിരുന്നു.
റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഏട്ട് ഏക്കർ ഭൂമിയാണ് സേനാകേന്ദ്രത്തിനായി കണ്ടെത്തിയത്. ഇതേതുടർന്ന് 2014ൽ ദുരന്തനിവാരണ വിഭാഗം മേധാവി ഡോ. ബി. സന്ധ്യ നീലേശ്വരം പാലാത്തടത്തെത്തി സ്ഥലം പരിശോധിച്ചിരുന്നു. ദുരന്തനിവാരണ സേന കേന്ദ്രത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് സർക്കാറിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. റെയിൽവേ സ്റ്റേഷൻ, നീണ്ട കടൽതീരം, ഹെലികോപ്ടർ ഇറക്കാനുള്ള സൗകര്യം, ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് ക്യാമ്പ് എന്നിവ സമീപ ചുറ്റളവിലുണ്ടെന്ന് പരിഗണിച്ചാണ് നീലേശ്വരം അനുയോജ്യമാണെന്ന് തീരുമാനിച്ചത്.
2014ൽ സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങൾ സംഭവിച്ചപ്പോൾ ജില്ലയിലും ഒരു ദുരന്തനിവാരണസേന കേന്ദ്രം വേണമെന്ന ആവശ്യത്തെ തുടർന്നാണ് സർക്കാർ പ്രവർത്തനങ്ങളുമായി മുന്നോട്ടുനീങ്ങിയത്. എന്നാൽ, പത്ത് വർഷമായിട്ടും സർക്കാർ പിന്നോട്ടുപോയ അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.