അടിതെറ്റിയാൽ നിങ്ങളും വീഴും!
text_fieldsനീലേശ്വരം: യാത്രക്കാരുടെ വർധനമൂലം വരുമാനത്തിൽ ജില്ലയിൽ മികച്ച റെയിൽവേ സ്റ്റേഷനായിട്ടും നീലേശ്വരത്തെത്തുന്ന യാത്രക്കാർക്ക് എന്നും ദുരിതംമാത്രം. 24 ഏക്കർ സ്ഥലം റെയിൽവേക്ക് നീലേശ്വരത്തുണ്ടായിട്ടും ഒരു അടിസ്ഥാന സൗകര്യവും ഒരുക്കാൻ റെയിൽവേ തയാറാകുന്നില്ല. വകുപ്പ് ഉദ്യോഗസ്ഥരും കേന്ദ്രസർക്കാർ പ്രതിനിധികളും റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് പല വാഗ്ദാനങ്ങളും നൽകിയെങ്കിലും ഒന്നും പ്രാവർത്തികമായില്ല. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച കാലപ്പഴക്കംചെന്ന കെട്ടിടത്തിലാണ് ഇപ്പോഴും ഓഫിസ് പ്രവർത്തിക്കുന്നത്.
ഒരു ടിക്കറ്റ് കൗണ്ടർ മാത്രമുള്ളതിനാൽ വരിയിൽനിന്ന് ടിക്കറ്റെടുക്കുമ്പോഴേക്കും ട്രയിൻ പ്ലാറ്റ് ഫോമിൽനിന്ന് പുറപ്പെട്ടിട്ടുണ്ടാകും. റിസർവേഷൻ കൗണ്ടറും ടിക്കറ്റടുക്കുന്ന കൗണ്ടറിൽതന്നെയാണ് പ്രവർത്തിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന നീലേശ്വരത്ത് ഇവർക്ക് നാട്ടിൽ പോകാൻ എല്ലാവരും ഒന്നിച്ചുവന്നാൽ തിക്കും തിരക്കുമായിരിക്കും. ഇപ്പോൾ റെയിൽവേ വളപ്പ് മുഴുവൻ ട്രാക്കിനുപയോഗിക്കുന്ന സ്ലീപ്പർ സൂക്ഷിച്ചുവെച്ച നിലയിലാണ്. മഴക്കാലമായതോടെ പ്ലാറ്റ് ഫോം ചോർന്നൊലിക്കുകയാണ്.
ശക്തമായ മഴയും കാറ്റും വന്ന് വൈദ്യുതി മുടങ്ങിയാൽ സ്റ്റേഷൻ ഓഫിസും പരിസരവും കൂരിരുട്ടാണ്. ബദൽ സംവിധാനങ്ങൾ ഒന്നുമില്ല. ടിക്കറ്റ് കൗണ്ടറിനോട് ചേർന്നഭാഗത്തെ ഇരിപ്പിടങ്ങളെ ആശ്രയിക്കുന്നവർ മഴ കനത്തുപെയ്യുമ്പോൾ ലഗേജുമായി കുടപിടിച്ചിരിക്കണം. മേൽക്കൂരയിൽനിന്ന് മഴവെള്ളം വീണും പൈപ്പുകൾ പൊട്ടി ഒഴുകിപ്പരക്കുന്നതും വഴുക്കലിനും കാരണമാകുന്നു. പ്ലാറ്റ് ഫോമിൽ യാത്രക്കാർ തെന്നിവീഴുന്നതും പതിവാണ്. ശുചീകരണകാര്യത്തിലും നീലേശ്വരം റെയിൽവേ സ്റ്റേഷൻ പിറകിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.