പൊട്ടിപ്പൊളിഞ്ഞു; മലയോര ഹൈവേയിൽ ദുരിത യാത്ര
text_fieldsനീലേശ്വരം: മലയോര നിവാസികളുടെ യാത്ര ദുരിതത്തിന് അറുതി വരുത്താനായി നിർമിച്ച മലയോര ഹൈവേ തകർന്ന് യാത്ര ദുരിതം. മരുതോം ചുള്ളി വഴിയുള്ള ഭാഗങ്ങളിലാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്. ഇരുചക്ര മുച്ചക്ര വാഹനങ്ങൾ റോഡിലെ കുഴിയിൽ തലകീഴായി മറിയുന്നതും പതിവാണ്.
മരുതോംതട്ട് കഴിഞ്ഞുള്ള ചുള്ളി ഇറക്കത്തിലെ അപകടക്കുഴിയിലാണ് വാഹനാപകടങ്ങൾ നടക്കുന്നത്. മലയോർ ഹൈവേയുടെ ജില്ല അതിർത്തിയിലെ ചെറുപുഴ പാലം മുതൽ കോളിച്ചാൽ വരെയുള്ള നീച്ചിൽ നിർമാണം ഏതാണ്ട് പൂർത്തിയായെങ്കിലും ഈ റീച്ചിലുൾപ്പെട്ട വനമേഖലയിൽ നിർമാണം വൈകുന്നതിനാൽ ഇത് വഴിയുള്ള ഗതാഗതം താറുമാറായി.
കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 77 കോടി രൂപ ചെലവിൽ പൂർത്തിയാക്കി വരുന്ന മലയോര ഹൈവേയിലെ കോളിച്ചാൽ ചെറുപുഴ റീച്ചിലെ 30.77 കി.മീ റോഡിനാണ് ഈ ദുർഗതി. ഈ റീച്ചിൽ ചുള്ളിതട്ട് കൂടാതെ കാറ്റാംകവല, മരുതോം പ്രദേശങ്ങളിലെ വനത്തിലൂടെയുള്ള 3.100 കി.മീ റോഡ് പൂർണമായും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വനമേഖലയിലെ റോഡ് നിർമാണത്തിനായി വനംവകുപ്പ് മാസങ്ങൾക്കു മുമ്പു തന്നെ ഭൂമി വിട്ടു നൽകുകയും ഈ ഭാഗത്തെ മരങ്ങൾ മുറിച്ച് നീക്കുകയും ചെയ്തിരുന്നു. എന്നാൽ, എസ്റ്റിമേറ്റ് പുതുക്കി നൽകാൻ വൈകിയതാണ് റോഡ് നിർമാണത്തിന് തടസ്സമാകുന്നത്.
വനത്തോട് ചേർന്നുള്ള കാറ്റാംകവല ജങ്ഷൻ റോഡിൽ കയറ്റം കുറച്ചു കൊണ്ടുള്ള നിർമാണവും പൂർത്തിയായിട്ടില്ല. ടാറിങ് നടക്കാത്ത ഈ റോഡ് ചെങ്കുത്തായ കയറ്റിറക്കങ്ങളുള്ളതാണ്. മഴക്കാലമെത്തിയതോടെ ഇതു വഴിയുള്ള ഗതാഗതം കൂടുതൽ ദുരിതമായി. കണ്ണൂർ ജില്ലയിലെ ടൗണുകളിൽ നിന്നുൾപ്പെടെ പാണത്തൂരിലേക്കും കർണാടകയിലെ വിവിധ പ്രദേശങ്ങളിലേക്കുമെല്ലാം എളുപ്പത്തിൽ എത്താൻ കഴിയുന റോഡിലാണ് യാത്രക്കാർക്ക് അപകട ഭീഷണിയായി റോഡുകൾ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്.
മലയോര ഹൈവേ: കിഫ്‌ബി ഓഫിസിലേക്ക് കോൺഗ്രസ് മാർച്ച്
കാഞ്ഞങ്ങാട്: മലയോര ഹൈവേയിലെ റോഡുകളിൽ അപകടങ്ങൾ തുടർക്കഥയാവുമ്പോഴും നിസ്സംഗത പാലിക്കുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് 27ന് ബളാൽ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് കിഫ്‌ബി ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും. നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ മാർച്ചിൽ പങ്കെടുക്കുമെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അറിയിച്ചു.
രാവിലെ പത്തിന് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്തുനിന്നും പ്രകടനമായിട്ടാണ് കോൺഗ്രസ് പ്രവർത്തകർ കിഫ്‌ബി ഓഫിസിന് മുന്നിൽ എത്തുകയെന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരത്തിന്റെ ആദ്യ പടിയായിരിക്കും ഇതെന്നും വരും നാളുകളിൽ മലയോര ഹൈവേ ഉപരോധിച്ചു കൊണ്ടുള്ള പ്രക്ഷോഭ പരിപാടികൾക്ക് കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുമെന്നും ഊരാളുങ്കൽ സൊസൈറ്റിയുടെ കള്ളക്കളികൾ വെളിച്ചത്തു കൊണ്ടു വരുമെന്നും രാജു കട്ടക്കയം വ്യക്തമാക്കി. ധർണ ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.