ജില്ല സ്കൂള്‍ കായികമേള; ചിറ്റാരിക്കാൽ ഉപജില്ല കുതിക്കുന്നു
text_fieldsനീലേശ്വരം: റവന്യൂ ജില്ല സ്കൂള്‍ കായികമേളയുടെ രണ്ടാം ദിനത്തില്‍ ട്രാക്കിലും ഫീല്‍ഡിലും ചിറ്റാരിക്കാല്‍ ഉപജില്ലയുടെ സമഗ്രാധിപത്യം. 19 സ്വര്‍ണവും എട്ടു വെള്ളിയും ഏഴു വെങ്കലവും അടക്കം 140 പോയന്റുമായി മുന്‍തൂക്കം ചിറ്റാരിക്കാല്‍ സ്വന്തമാക്കി.
പാലാവയല് സെന്റ് ജോണ്‍സ്, മാലോത്ത് കസബ, ചായ്യോത്ത് ജി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളുടെ പ്രകടനമികവാണ് ചിറ്റാരിക്കാലിന് കരുത്തായത്. 13 സ്വര്‍ണവും 11 വെള്ളിയും എട്ട് വെങ്കലവും സഹിതം 111 പോയന്റുമായി ചെറുവത്തൂര്‍ ഉപജില്ല രണ്ടാം സ്ഥാനത്തും ഏഴ് സ്വര്‍ണവും 12 വെള്ളിയും 16 വെങ്കലവും സഹിതം 102 പോയന്റുമായി കാസര്‍കോട് മൂന്നാം സ്ഥാനത്തുമുണ്ട്.
ഹോസ്ദുര്‍ഗ് (81), മഞ്ചേശ്വരം (67), കുമ്പള (62), ബേക്കല്‍ (45) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയന്റ് നില. സ്കൂളുകളില്‍ ഏഴ് സ്വര്‍ണവും രണ്ടുവീതം വെള്ളിയും വെങ്കലവും സഹിതം 43 പോയന്റ് നേടിയ കുട്ടമത്ത് ജി.എച്ച്.എസ്.എസ് രണ്ടാം ദിനവും ഒന്നാം സ്ഥാനത്ത് തുടരുന്നു. നാലുവീതം സ്വര്‍ണവും വെള്ളിയും രണ്ടു വെങ്കലവും സഹിതം 34 പോയന്റ് നേടിയ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും മൂന്ന് സ്വര്‍ണവും ആറ് വെള്ളിയും സഹിതം 33 പോയന്റ് നേടിയ ഉപ്പള ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമുണ്ട്. പാലാവയല് സെന്റ് ജോണ്‍സ് (27), മാലോത്ത് കസബ ജി.എച്ച്.എസ്.എസ് (23), ചായ്യോത്ത് ജി.എച്ച്.എസ്.എസ് (20) എന്നിങ്ങനെയാണ് മറ്റു സ്കൂളുകളുടെ പോയന്റ് നില.
ചായ്യോത്ത് ജി.എച്ച്.എസ്.എസിന്റെ ആതിഥേയത്വത്തില്‍ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന കായികമേള ഇന്നു സമാപിക്കും. വൈകീട്ട് നാലിനു നടക്കുന്ന സമാപനസമ്മേളനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിക്കും.
(റിപ്പോർട്ട്: സർഗം വിജയൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.